കച്ചവടക്കാർക്ക് ഇനിയെല്ലാം ഓൺലൈനിൽ വിൽക്കാം

0
299

ഇന്ത്യയിലെ ചെറുകിട സംരംഭകർക്കും, വിൽപനക്കാർക്കുമെല്ലാം അവരുടെ എല്ലാവിധ ഉൽപന്നങ്ങളും സേവനങ്ങളും വിൽപനയ്ക്കെത്തിക്കാനും ആളുകൾക്ക് അവ വാങ്ങാനും സാധിക്കുന്ന ഒരു ഓൺലൈൻ വാണിജ്യ പ്ലാറ്റ്ഫോമിന് തുടക്കമിടാനുള്ള ശ്രമത്തിലാണ് സർക്കാർ.

ഓപ്പൺ നെറ്റ് വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി.)എന്ന പേരിൽ ഡൽഹി, ബംഗളുരു, ഭോപ്പാൽ, ഷില്ലോങ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഈ പ്ലാറ്റ്ഫോം ആരംഭിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പദ്ധതി.

ഇന്ത്യയിലെ ചെറു സംരംഭകർക്കും കച്ചവടക്കാർക്കും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമായിരിക്കും ഒ.എൻ.ഡി.സി.. പ്ലാറ്റ്ഫോമിന്റെ പേര് ഇത് തന്നെ ആയിരിക്കുമോ എന്ന് പറയാനാവില്ല.

ഉൽപന്നങ്ങൾ വിൽക്കാൻ ചെറുകിട സ്ഥാപനങ്ങൾ സ്വന്തമായൊരു ഇ കൊമേഴ്സ് വെബ്സൈറ്റ് തുടങ്ങുന്നതിനേക്കാൾ ലാഭകരമായിരിക്കും ഇത്. കാരണം ചെറുസ്ഥാപനങ്ങൾ വെബ്സൈറ്റ് തുടങ്ങിയാൽ അതിലേക്ക് ഉപഭോക്താക്കളെ എത്തിക്കാൻ വലിയ പ്രയാസമാണ്.

സാധാരണ ഇ കൊമേഴ്സ് വെബ്സൈറ്റുകളെ പോലെ തന്നെ എല്ലാ തരം ഉൽപന്നങ്ങൾക്കും വേണ്ടിയുള്ള ഉപഭോക്താക്കൾ ഒ.എൻ.ഡി.സിയിലുണ്ടാവും. നിലവിലുള്ള സ്വകാര്യ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് കൂടുതൽ ചെറുകിട സംരംഭകർക്കും വിതരണക്കാർക്കും ഒ.എൻ.ഡി.സിയിലൂടെ വിൽപന നടത്താനാവും.

യു.പി.ഐ. പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന വിവിധ പേമെന്റ് സേവനങ്ങളിലൂടെ ഡിജിറ്റൽ പണമിടപാടുകളും നടത്താനാവും. ഉൽപന്നങ്ങളുടെ വിതരണത്തിനുള്ള ഡെലിവറി സേവനങ്ങളും ഒഎൻഡിസി തന്നെ നൽകിയേക്കും.

ഉപഭോക്താക്കളുടേയും വിൽപനക്കാരുടേയും പ്ലാറ്റ്ഫോം ആണിത്. വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും പ്രത്യേകം ആപ്പുകളുണ്ടാവും. പ്രസ്തുത ആപ്പുകൾ ഉപയോഗിച്ച് കച്ചവടക്കാർക്ക് ഉൽപന്നങ്ങൾ വിൽപനയ്ക്ക് വെക്കാനും ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സാധന സേവനങ്ങൾ തിരഞ്ഞ് കണ്ടുപിടിച്ച് വാങ്ങാനുമാവും.

2022-ൽ ഒരു സ്വകാര്യ നോൺ പ്രോഫിറ്റ് കമ്പനിയായാണ് ഒ.എൻ.ഡി.സിയ്ക്ക് സർക്കാർ തുടക്കമിട്ടത്. സ്വകാര്യ ഇ കൊമേഴ്സ് കമ്പനികളുടെ കുത്തക ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഈ പദ്ധതിയ്ക്കുണ്ട്. വിവിധ സ്ഥാപനങ്ങൾ ഇതിനകം ഒ.എൻ.ഡി.സിയുടെ ഭാഗമായിട്ടുണ്ടെന്നാണ് വിവരം.

ഒ.എൻ.ഡി.സി. പ്ലാറ്റ്ഫോം രൂപകൽപന ചെയ്ത് അവതരിപ്പിക്കുന്നതിന് ഇൻഫോസിസ് സഹസ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയർമാനുമായ നന്ദൻ നിലെകനി, നാഷണൽ ഹെൽത്ത് അതോറിറ്റി സി.ഇ.ഒ. ആർ.എസ്. ശർമ എന്നിവരടങ്ങുന്ന ഒമ്പതംഗ നിർദേശക സമിതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.

ഉൽപന്നങ്ങളുടെ ഗുണമേന്മ എങ്ങനെ ഉറപ്പിക്കും. അതിനുള്ള ഉത്തരവാദിത്വം ആർക്കാണം തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. പണമിടപാടുകൾ, ഉൽപന്നങ്ങളുടെ ചരക്കുനീക്കം എന്നിവയുടെ പ്രവർത്തനം എങ്ങനെ ആയിരിക്കും എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇ കൊമേഴ്സ് രംഗത്ത കുത്തക കമ്പനികൾക്കെതിരെ രംഗത്ത് വരുമ്പോൾ തന്നെ വിപണിയിൽ വലിയ മത്സരം നേരിടേണ്ടിവരും. സ്വകാര്യ കമ്പനികൾ നൽകുന്ന ആകർഷകമായ ഓഫറുകളോടും ഡീലുകളോടും ഒ.എൻ.ഡി.സി. പ്ലാറ്റ്ഫോം എങ്ങനെ മത്സരിക്കുമെന്ന് കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here