മിനാറുകളുടെ ലോകം

0
252

വിജയ സ്തംഭങ്ങളും സ്മാരകങ്ങളും പലകാലങ്ങളിലായി വിവിധ രാജാക്കന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുകയുണ്ടായി. ഈജിപ്‌ഷ്യൻ സംസ്കാര കാല നിർമ്മിതികളായ Hieroglyphics ലിഖിതങ്ങൾ കൊത്തിവെച്ച Egyptian ഒറ്റക്കൽ Obeliskകളും, ശാസനങ്ങളും ധർമ്മോപദേശങ്ങളും കോറിയിട്ട, കല്ലിലും ഇരുമ്പിലും തീർത്ത അശോകന്റെ സ്തംഭങ്ങളും നൂറ്റാണ്ടുകളെ അതിജയിച്ച്‌ ഇന്നും നിലനിൽക്കുന്നു. എന്നാൽ, അവയുടെ ആകൃതിയിൽ നിന്നും പ്രകൃതിയിൽ നിന്നും ഉദ്യേശങ്ങളിൽ നിന്നും തീർത്തും വിത്യസ്ഥമായ നിർമ്മിതികളാണ്‌ മിനാരങ്ങൾ. പ്രധാനമായും ഇസ്‌ലാമിക മതവിശ്വാസ പ്രകാരമുളള അദാന്‌ ( ബാങ്കുവിളി- അഥവാ പ്രാർത്ഥനക്ക്‌ സമയമായെന്ന് അറിയിക്കൽ ) വേണ്ടി, മസ്ജിദുകളോട്‌ ചേർന്ന് നിർമ്മിച്ചിരുന്ന ഉയർന്ന തട്ടുകളായിരുന്നു ആദ്യകാല മിനാരങ്ങൾ. പിന്നീട്‌ മുസ്‌ലിം സാമ്രാജ്യ വികാസങ്ങളെ തുടർന്ന്, നിർമ്മാണകലകളിൽ വന്ന പുരോഗതിയുടെ ഭാഗമായി മസ്ജിദുകളുടെ രൂപമാറ്റത്തോടൊപ്പം തന്നെ, വിവിധ ശൈലികളിൽ മിനാരങ്ങളും ഉദയം കൊണ്ടു. ബാങ്കുവിളിക്കായുളള ഇടമെന്ന് മാത്രമായിരുന്നു ആദ്യകാല മിനാരങ്ങളുടെ ഉപയോഗമെങ്കിൽ, പിന്നീട്‌ രാജ്യസുരക്ഷയുടെ ഭാഗമായി നിരീക്ഷണ ഗോപുരമെന്ന പദവി കൂടി മിനാരങ്ങൾക്ക്‌ കൈവന്നു. ശത്രുക്കളുടെ നീക്കങ്ങൾ ദൂരെ നിന്ന് തന്നെ തിരിച്ചറിയാനും അതേസമയം, പ്രാർത്ഥനക്കുള്ള അറിയിപ്പ് നൽകാനും പ്രധാന മിനാരങ്ങൾ ഉപയോഗിക്കപ്പെട്ടു. അഥവാ സൈനികപരമായും മതപരമായും ഒരേ സമയം പ്രാധാന്യം, അതാത് ഉദ്യേശത്തോടെ നിർമ്മിക്കപ്പെട്ട പ്രധാന മിനാരങ്ങൾക്ക് ഉണ്ടായിരുന്നു. ചിലയവസരങ്ങളിൽ ആദരണീയ വ്യക്തിത്വങ്ങളുടെ സ്മരണക്കായോ യുദ്ധവിജയങ്ങളുടെ സ്മാരകങ്ങളായോ മിനാരങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു.

അത്തരത്തിൽ വിവിധോദ്യേശ ലക്ഷ്യങ്ങളോടെ, പൂർണ്ണ ഇസ്‌ലാമിക വാസ്തുശിൽപ്പ മാതൃകയിൽ നിർമ്മിക്കപ്പെട്ട ഒരു മിനാരമാണ്‌ ഖുതുബ്‌ മിനാർ. ഇസ്‌ലാമിക കലയിലെ നക്ഷത്രരൂപ കലകളിലെ “റുബുഅ് അൽ ഹിസ്ബ്”‌ നക്ഷത്ര‌ മാതൃകയിലാണ്‌ ഖുതുബ്‌ മിനാറിന്റെ അടിത്തറയും താഴെ മൂന്ന് നിലകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്‌ എന്ന് കാണാം. ഹിന്ദുസ്ഥാനിലേക്ക്‌ മുസ്‌ലിം ഭരണാധികാരികൾ വന്നപ്പോൾ, അവർക്കൊപ്പം സൈനികർ മാത്രമാണ്‌ ആദ്യ ഘട്ടങ്ങളിൽ ഉണ്ടായിരുന്നത്‌. പ്രാദേശിക തച്ചന്മാരെ ഉപയോഗിച്ചാണ്‌ ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദ്‌ നിർമ്മാണം ആരംഭിക്കുന്നത്‌. അതിനാൽ തന്നെ ഭാരതീയ നിർമ്മാണ ശൈലി ആ പളളിയുടെ ആദ്യ ഭാഗങ്ങളിൽ കാണാം. പിന്നീട്‌ ബുഖാറയിൽ നിന്നും സമർഖന്ധിൽ നിന്നും കാബൂളിൽ നിന്നും മറ്റും തച്ചന്മാർ കൊണ്ടുവരപ്പെട്ടു. അവരും ഭാരതീയ നിർമ്മാണ വിദഗ്ധരും ചേർന്ന് രണ്ടാം ഘട്ട വികസനം പൂർത്തിയാക്കി. അവരെല്ലാം ചേർന്ന് കയ്യൊപ്പ്‌ ചാർത്തിയ നിർമ്മിതിയാണ്‌ ഖുതുബ്‌ മിനാറും ഖുവ്വത്തുൽ ഇസ്‌ലാം മസ്ജിദും. അവിടം നേരിൽ കാണുന്നവർക്ക്‌ നിർമ്മാണങ്ങളുടെ ഓരോ ഘട്ടവും തിരിച്ചറിയാനാവും. വിവിധ പ്രദേശങ്ങളിൽ ഇസ്‌ലാം എത്തിച്ചേർന്നതോടെ, മസ്ജിദ്‌ നിർമ്മാണ രീതിയിൽ എന്ന പോലെ തന്നെ, മിനാരങ്ങളുടെ രൂപഘടനയിലും വിവിധ ശൈലികൾ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്‌. മഗ്‌രിബി അഥവാ മൊറോക്കൻ ( മൊറോക്കൻ രീതിയുടെ പ്രത്യേകത ചതുരാകൃതിയിലാണ്‌ മിനാരങ്ങൾ നിർമ്മിക്കുന്നത്‌. എന്നാണ്. ഈ ശൈലിയാണ്‌ പ്രധാനമായി അന്തലൂസിയൻ സ്പെയ്നിൽ മുസ്‌ലിംകൾ സ്വീകരിച്ചത്‌‌ ), ഫാരിസി അഥവാ പേർഷ്യൻ( ഈ ശൈലിയിൽ നിന്നാണ്‌ ഇന്തോ-പേർഷ്യൻ ഇസ്‌ലാമിക്‌ ശൈലി രൂപം കൊണ്ടത്‌ ), മലയ് അല്ലെങ്കിൽ ജാവ ശൈലി‌, മിസ്‌രി അഥവാ ഈജിപ്ഷ്യൻ, ഉസ്മാനി അഥവാ ഓട്ടോമാൻ തുർക്കിക്( ഓട്ടോമൻ ശൈലി‌ റഷ്യ, യൂറോപ് എന്നിവിടങ്ങളിൽ സ്വീകരിച്ച്‌ പോരുന്നുണ്ട്‌ )‌, ഇറാഖി അല്ലെങ്കിൽ ബഗ്ദാദി, ബുഖാറ-സമർഖന്ധ്‌‌ ശൈലികൾ, ഇഫ്‌രീഖി അഥവാ ആഫ്രിക്കൻ അല്ലെങ്കിൽ മാലി ശൈലി, സമറി തുടങ്ങിയ മിനാര നിർമ്മാണ ശൈലികൾക്കിടയിൽ ഏറെ പ്രസിദ്ധമായ ഒരു മിനാര നിർമ്മാണ ശൈലിയാണ്‌ ഇന്തോ-പേർഷ്യൻ ഇസ്‌ലാമിക്‌ മിനാര നിർമ്മാണ ശൈലി. അതിൽ തന്നെ ദില്ലി സൽതനത്ത്‌ ശൈലി, മുഗൾ ശൈലി, ദഖ്നി ശൈലി, ഗുജറാത്ത്‌ സൽതനത്ത്‌ ശൈലി തുടങ്ങി വേറേയും ഉൾപിരിവുകൾ കാണാൻ സാധിക്കും. വിജയങ്ങളുടെ സ്മരണക്കായും രാജ്യതലസ്ഥാനത്തിന്റെ അഭിമാന സ്തംഭമായും പ്രധാന രാജകീയ പാതകളിൽ കാവൽ-മൈൽ-നികുതിപിരിവ്‌ കേന്ദ്രം എന്നീ വിവിധ ഉദ്യേശങ്ങളോടെയും മിനാരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്‌. ഹബ്ഷി രാജവംശത്തിലെ സുൽത്താൻ സൈഫുദ്ദീൻ ഫിറൂസ് ഷാ, യുദ്ധവിജയത്തിന്റെ ഓർമ്മക്കായി ഗൗറിൽ മിനാർ നിർമ്മിച്ചത് 1489-ലായിരുന്നു. ഖുതുബ്‌ മിനാറിന്റെ ശൈലിയാണ്‌ ഫിറോസ്‌ മിനാർ എന്നറിയപ്പെടുന്ന ഈ മിനാരം നിർമ്മിച്ചത്‌. യുദ്ധവിജയ സ്മാരകമായി നിർമ്മിച്ച മറ്റൊരു മിനാരമാണ്‌ ചാന്ദ്‌ മിനാർ. ദൗലതാബാദിലെ ദിയോഗി കോട്ട ജയിച്ചടക്കിയതിന്റെ സ്മരണക്കായി 1445-ൽ അലാവുദ്ദീൻ ബഹ്മാനി രാജാവാണ് ചന്ദ് മിനാർ നിർമ്മിച്ചത്‌. ഡൽഹിയിലെ കുത്തബ് മിനാറുമായി സാമ്യമുള്ളതും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ്‌ നിർമ്മാണം. പതിനാറാം നൂറ്റാണ്ടിലെ പഷ്തൂൺ ഭരണാധികാരി ഷേർഷാ സൂരി അവതരിപ്പിച്ച, വടക്കേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയുള്ള മധ്യകാല ഇന്ത്യൻ നാഴികക്കല്ലുകളാണ് കോസ് മിനാറുകൾ. ഇത്‌ വാച്ച്‌ ടവറുകളായും നികുതി പിരിവ്‌ കേന്ദ്രങ്ങളായും കൂടി ഉപയോഗിച്ചിരുന്നു. വഴിയാത്രികർക്ക്‌ തങ്ങാനായി സറായികളും കിണറുകളും പല കോസ്‌ മിനാറുകൾക്ക്‌ സമീപവും നിർമ്മിക്കപ്പെട്ടിരുന്നു. ആഗ്രയിൽ നിന്ന് അജ്മീർ വരെയും ആഗ്ര മുതൽ ലാഹോർ വരെയും, തെക്ക് ആഗ്ര മുതൽ മാണ്ടു വരെയും രാജകീയ പാതകളിലെ ദൂരത്തിന്റെ അടയാളപ്പെടുത്തലുകളായി കോസ് മിനാരുകൾ ഷേർഷ സൂരി സ്‌ഥാപിച്ചു. വഴിയാത്രികരുടെ സുരക്ഷക്ക്‌ ഇത്തരം കേന്ദ്രങ്ങളിൽ സൈനികരേയും അദ്ധേഹം നിയമിച്ചിരുന്നു. ഡെൽഹി, ഹരിയാന, പഞ്ചാബ്‌, പാക്‌ പഞ്ചാബ്‌-ലഹോർ എന്നിവിടങ്ങളിൽ കോസ്‌ മിനാറുകൾ ഇന്നും കാണാം.

മിനാരങ്ങളെ പറ്റി പറഞ്ഞു തുടങ്ങിയാൽ ഈ പോസ്റ്റ്‌ വളരെയധികം ഭാഗങ്ങളാക്കി പോസ്റ്റേണ്ടി വരുമെന്നതിനാൽ തത്ക്കാലം, ഖുതുബ്‌ മിനാർ നിർമ്മിക്കുന്നതിനും മുന്നെ, വിവിധയിടങ്ങളിൽ നിർമ്മിക്കപ്പെട്ട-ഇന്നും നിലനിക്കുന്ന വലിയ മിനാരങ്ങളിൽ ചിലതിനെ പരിചയപ്പെടുത്തി പോസ്റ്റ്‌ അവസാനിപ്പിക്കാം. ( ഖുതുബ്‌ മിനാർ 1199ൽ തുടങ്ങി 1220ൽ പൂർത്തിയായി )
1- സമറയിലെ വലിയ ജുമാ മസ്ജിദിന്‌ സമീപം നിർമ്മിക്കപ്പെട്ട മിനാരം – നിർമ്മാണ കാലം CE 851.
2- സമറയിൽ തന്നെയുളള അബു ദുലാഫ്‌ മസ്ജിദിന്റെ മിനാരം – നിർമ്മാണ കാലം CE 859.
3- ഇറാഖിലെ അൽ ഖുലഫ മസ്ജിദ്‌ മിനാരം – നിർമ്മാണ കാലം CE 908.
4- ഇറാഖിലെ തന്നെ സമറുദ്‌ ഖാതൂൻ സ്മാരകത്തിലെ മിനാരം – നിർമ്മാണ കാലം CE 1202.
5- ഈജിപ്തിലെ ഇബ്ൻ ത്വലൂൻ മസ്ജിദിലെ മിനാരം – നിർമ്മാണ കാലം CE 879.
6- ഇറാഖിലെ അനാഹ്‌ മിനാർ – നിർമ്മാണ കാലം CE 1096.
7- ഖൈറുവാനിലെ വലിയ മസ്ജിദിന്റെ ചതുര മിനാരം. ആദ്യമായി നിർമ്മിച്ചത്‌ CE 605. CE 800കളിൽ പുതുക്കി പണിതു.
8- അഫ്ഗാനിലെ ജാം മിനാരം. ഇതിനെ മാതൃകയാക്കിയാണ്‌ ഖുതുബ്‌ മിനാർ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.- നിർമ്മാണ കാലം 1174/5.
9- തുർക്ക്മെനിസ്ഥാനിലെ കുത്‌ലുഗ്‌ തിമൂർ മിനാരം – നിർമ്മാണ കാലം CE 1011.
10- കിർഗിസ്ഥാനിലെ ബുരാന മിനാർ – നിർമ്മാണ കാലം CE 800 കൾ.
11- കിർഗിസ്ഥാനിലെ തന്നെ ഓസ്ഗോൻ മിനാർ – നിർമ്മാണ കാലം CE 1000 ങ്ങളിൽ.
12- ഗസ്നിയിലെ മിനാരങ്ങൾ – നിർമ്മാണ കാലം CE 1100 കൾ.
13- ഇറാനിലെ ഖുസ്രുഗെർദ്‌ മിനാരം – നിർമ്മാണ കാലം CE 1112.
15- ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ സ്ഥിതി ചെയ്യുന്ന കല്ല്യാൺ മിനാരം – നിർമ്മാണ കാലം CE 1127.

LEAVE A REPLY

Please enter your comment!
Please enter your name here