നാദാപുരം: വ്യാജ വിമാനടിക്കറ്റ് വില്‍പന നടത്തി ഒമ്ബത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു.
ഇരിങ്ങല്‍ സ്വദേശി ജിയാസ് മൻസിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. നാദാപുരം യൂനിമണി ഫിനാൻസ് സര്‍വിസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നല്‍കി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്.
ഓണ്‍ലൈനില്‍ യാത്രാവിവരം അറിയാനായി പരിശോധന നടത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് യാത്രക്കാരില്‍ ചിലര്‍ മനസ്സിലാക്കിയത്. ഇതോടെ ഇവര്‍ ടിക്കറ്റുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു. സ്ഥാപനത്തില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ടിക്കറ്റ് നല്‍കി വൻതട്ടിപ്പ് നടത്തിയതായി തിരിച്ചറിഞ്ഞത്. ഒറിജിനല്‍ ടിക്കറ്റ് വില്‍പന നടത്തിയ വകയില്‍ ലഭിച്ച തുക കമ്ബനി അക്കൗണ്ടില്‍ നിക്ഷേപിക്കാതെ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചതായി യൂനിമണി മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി നാദാപുരം പൊലീസ് പറഞ്ഞു.