‘സ്വകാര്യവൽക്കരണം വിമാനത്താവളത്തിന്റെ വികസനത്തിന് ഗുണകരം, വിവാദം വേണ്ട’; യൂസഫലി

0
110

അബുദാബി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് സ്വകാര്യവൽക്കരണം ഗുണകരമെന്ന് വ്യവസായി എം.എ യൂസഫലി. വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ വിഷയത്തിൽ വിവാദമുണ്ടാക്കി സമയം കളയരുതെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട് പരിഹരിക്കണമെന്നും യൂസഫലി വ്യക്തമാക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് തൻറെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും എം.എ.യൂസഫലി അബുദാബിയിൽ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയ കേന്ദ്രസർക്കാർ നടപടി ശരിവച്ചാണ് വ്യവസായിയായ എം.എ.യൂസഫലി നിലപാട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല. വിമാനത്താവളത്തിൻറെ വികസനത്തിന് സ്വകാര്യപങ്കാളിത്തം ഗുണകരമാകും. തിരുവനന്തപുരം വിമാനത്താവള വികനസനവുമായി ബന്ധപ്പെട്ട് താനുമായി ഇതുവരെ സംസ്ഥാന സർക്കാർ ചർച്ച ചെയ്തിട്ടില്ല. വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും യൂസഫലി വ്യക്തമാക്കി.

അതേസമയം, കേരളത്തിന്റെ സാഹചര്യം മാറേണ്ടിയിരിക്കുന്നുവെന്നും ഗൾഫിനേയും വിദേശ രാജ്യങ്ങളേയും പ്രതീക്ഷിച്ചു ജീവിച്ചിരുന്ന സാഹചര്യമല്ല ഇപ്പോഴെന്നും യൂസഫലി പറഞ്ഞു. വിവാദമുണ്ടാക്കി വികസനം തടസപ്പെടുത്തരുതെന്നും യൂസഫലി വിഡിയോ കോൺഫറൻസിലൂടെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here