മലപ്പുറം: കൊണ്ടോട്ടിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിൽ. എടത്തനാട്ടുകര കൊടിയംകുന്ന് ചക്കുപുറത്ത് വീട്ടില്‍ ഷൈജല്‍ ബാബുവിനെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും കൊണ്ടോട്ടി പോലിസും ചേര്‍ന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ചെറുകിട വിപണിയില്‍ 10 ലക്ഷം രൂപ വരെ വിലയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഐക്കര പടിയിലും കൊണ്ടോട്ടി പരിസര പ്രദേശങ്ങളിലും ലഹരി വില്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആന്റിനര്‍ക്കോട്ടിക്ക് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ നേരത്തെയും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. നാലു വര്‍ഷം മുന്‍പ് 4 കിലോ കഞ്ചാവുമായി ചിറ്റൂര്‍ എക്‌സൈസാണ് ഇയാളെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതോടെ പ്രദേശത്തെ നിരവധി കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തു.