കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടം. ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിയുകയായിരുന്നു. മിനിയാപൊളിസിൽ നിന്ന് ടൊറോൻ്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 80 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 18 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. പ്രദേശത്ത് ശക്തമായ കാറ്റും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
ആരുടേയും പരിക്ക് ഗുരുതരമല്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്., എന്നാൽ മൂന്നാൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിൻ്റെ പ്രവർത്തനം മണിക്കൂറുകളോളം നിർത്തിവെച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3:30നായിരുന്നു അപകടം.’മിനിയാപൊളിസിൽ നിന്ന് എത്തിയ ഡെൽറ്റ എയർ ലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്’ വിമാനത്താവള അധികൃതർ എക്‌സിൽ പ്രസ്താവനയിലൂടെ പറഞ്ഞു. 76 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എല്ലാ യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും വിമാനത്താവളം സ്ഥിരീകരിച്ചു.അപകടത്തിന് പിന്നാലെ പീൽ റീജിയണൽ പോലീസ് കോൺസ്റ്റബിൾ സാറാ പാറ്റൻ അപകട വിവരം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു, ‘വിമാനാപകടം നടന്നിട്ടുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ അപകട കാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അറിയില്ല. മിക്ക യാത്രക്കാരും പുറത്തെത്തിയെന്നും. പരിക്കേൽക്കാതെ ഇവർ രക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് കരുതുന്നത്.
ഇക്കാര്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങൾ ഇപ്പോൾ സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.’ പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.അപകടസ്ഥലത്ത് അടിയന്തര സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തലകീഴായി മറിഞ്ഞ വിമാനം പുറകിൽ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.60 വയസ്സായ ഒരു പുരുഷൻ്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകായണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹെലികോപ്റ്ററും ആംബുലൻസുകളും ഉപോയഗിച്ച് പരിക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിൽ ഇവിടേക്ക് എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ നാൽപ്പതിലധികം വിമാനങ്ങൾ വൈകിയതായി അറിയിച്ചിട്ടുണ്ട്. യു എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും വിമാനത്താവള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു.