ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡെല്‍ഹി എഫ് സിയെ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഗോകുലം കീഴടക്കിയത്. ലാബല്‍ഡോ , അഡാമ നിയാനോ എന്നിവരുടെ ഇരട്ടഗോളാണ് ജയം അനായാസമാക്കിയത്.തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളുടെ ആഘാതത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഗോകുലം കേരള എഫ്‌സി നടത്തിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് ഡല്‍ഹി ഗോള്‍ നേടിയെങ്കിലും ആ സന്തോഷത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ. പതിമൂന്നാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസ് ഗോള്‍ മടക്കി. ഇരുപത്തിയൊന്നാം മിനിറ്റില്‍ അഡാമ നിയാനെയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതി രണ്ടേ ഒന്നിന് അവസാനിച്ചു.
രണ്ടാം പകുതിയിലും ഗോകുലത്തിന്റെ മുന്നേറ്റം ആയിരുന്നു. 54 ആം മിനിറ്റില്‍ നിയാനെ തന്റെ രണ്ടാമത്തെ ഗോള്‍ വലയില്‍ എത്തിച്ചു. 57,75 മിനിറ്റുകളില്‍ ലാബല്‍ഡോയും ലക്ഷ്യം കണ്ടു. 64,81 മിനിറ്റുകളില്‍ ഡല്‍ഹി രണ്ട് ഗോള്‍ കൂടി മടക്കി. സ്‌കോര്‍ 5-3. മത്സരത്തിന്റെ അധിക സമയത്ത് രഞ്ജീത് നേടിയ ഗോളിലൂടെ ഗോകുലം എതിരാളിയുടെ പതനം പൂര്‍ത്തിയാക്കി. ജയത്തോടെ 22 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.