മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം തികഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടഇനി എന്ത് എന്ന് ചേദ്യവുമായി നിൽക്കുകയാണ് ഒരുപറ്റം മനുഷ്യർ. വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ശര്മത്തിലാണ് കേരളം.
എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്നാണ് സർക്കാർ കണക്കുകൾ.
കേരളം ഇന്നേ വരേ കണ്ടിട്ടാല്ലാത്ത രീതിയിലുള്ള കൂട്ട സംസ്കാരവും ദുരത്തിനൊടുവിൽ കാണേണ്ടി വന്നു. ദുരിതക്കയത്തിലായ നാടിനെ ചേർത്ത് പിടിക്കാൻ നിരവധി കരങ്ങളുണ്ടായിരുന്നു. സഹായം എല്ലായിടത്ത് നിന്നും എത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഏകോപനം നടന്നു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സന്ദർശനം നടത്തി. ദുരന്തത്തിലകപ്പെട്ട മനുഷ്യർ ഇന്ന് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനുള്ള കൈത്താങ്ങാണ് ഇനി അവർക്ക് ആവശ്യം.