സ്വർണ്ണക്കടത്ത് കേസ്: റമീസിന് ശേഷം പിടിയിലായത് 6 പേർ; തീവ്രവാദ ബന്ധം കോടതിയെ അറിയിക്കാൻ എൻഐഎ

0
74

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ തീവ്രവാദ ബന്ധത്തിന്റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കാൻ എൻഐഎ. അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങൾ അടങ്ങിയ കേസ് ഡയറി ഇന്ന് കോടതിയിൽ സമർപ്പിക്കും. കെ.ടി. റമീസിന്റെ കസ്റ്റഡി നീട്ടാനും അപേക്ഷിക്കും. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് എൻഐഎ കോടതി പരിഗണിക്കും.

സ്വർണ്ണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും, തീവ്രസ്വഭാവമുള്ള ഗ്രൂപുകളിലേക്ക് പണം എത്തുന്നു എന്നും കഴിഞ്ഞയാഴ്ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. റമീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ശിവശങ്കറിന്റെ ഫ്ലാറ്റിലടക്കമെത്തിച്ചുള്ള തെളിവെടുപ്പിലും നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

റമീസ് കസ്റ്റഡിയിലിരുന്ന കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറു പേരുടെ അറസ്റ്റ് ആണ് എൻഐഎ രേഖപ്പെടുത്തിയത്. ആറിടങ്ങളിൽ മിന്നൽ പരിശോധനയും നടത്തി. കൈവെട്ടു കേസിൽ പ്രതി ചേർക്കപ്പെട്ട മുഹമ്മദ്‌ അലി അറസ്റ്റിലായതോടെയാണ് എൻഐഎ, കേസിലെ ഭീകരവാദ ബന്ധം ഊട്ടിയുറപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക എത്തുന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. 7 ദിവസത്തെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ കെടി റമീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും. റമീസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെടുന്നത്. സ്വപ്ന സുരേഷിന്റെ ജാമ്യപേക്ഷയും ഇന്ന് എൻഐഎ കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here