സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15നു സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒമ്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.
സെൻട്രൽ സ്‌റ്റേഡിയത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂൾ, കുതിര പൊലീസ്, എൻ.സി.സി, സ്‌കൗട്ട് എന്നിവരുടെ പരേഡിൽ മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയഗാനാലാപനം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും.
ചടങ്ങിൽ മുഖ്യമന്ത്രി മെഡലുകൾ സമ്മാനിക്കും. ജില്ലാ തലങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളാകും നടക്കുക. സംസ്ഥാന പൊലീസിന്റെയും ഹോംഗാർഡ്, എൻ.സി.സി., സ്‌കൗട്ട്‌സ് എന്നിവരുടേയും നേതൃത്വത്തിൽ നടക്കുന്ന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. സബ് ഡിവിഷണൽ, ബ്ലോക്ക് തലങ്ങളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടക്കുക. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ദേശീയ പതാക ഉയർത്തും.