ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന്‍ അഗ്രസെയ്ന്‍ ഗെലോട്ടിനെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തി. രാസവള കയറ്റുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അഗ്രസെയ്ന്‍ ഗെലോട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഗ്രസെയ്ന്‍ ഗെലോട്ടിന്റെ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് അഗ്രസെയ്ന്‍ ഗെലോട്ടിന്റെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. അഗ്രസെയ്ന്‍ ഗെലോട്ട് നടത്തുന്ന കമ്പനി സബ്സിഡിയുള്ള വളം വിദേശ കമ്പനിയ്ക്ക് വിറ്റുവെന്നും കയറ്റുമതി നിരോധനം നിലനില്‍ക്കുമ്പോഴാണിതെന്നുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.
2007- 2009 കാലഘട്ടത്തില്‍ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ അംഗീകൃത ഡീലറായിരുന്ന അഗ്രെസെയ്ന്‍ ഗെലോട്ടിന്റെ കമ്പനി വളം സബ്സിഡി നിരക്കില്‍ വാങ്ങിയിരുന്നു. എന്നാല്‍ ഈ വളം കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് പകരം മലേഷ്യയിലേക്ക് കയറ്റുമതി ചെയ്തുവെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. 2012-13 ല്‍ റവന്യു ഇന്റലിജന്‍സാണ് അഴിമതി കണ്ടെത്തിയത്.