തിരുവനന്തപുരത്ത് നിപ ഭീതിയൊഴിഞ്ഞു. മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നിപയില്ലെന്ന് പരിശോധനാഫലം. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. നിപ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. വവ്വാല്‍ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെയാണ് പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കിയത്.
ഇതിനിടെ മറ്റൊരു ആശ്വാസവാര്‍ത്ത കൂടി പുറത്തുവന്നു. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് വിവരം. രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. അതേസമയം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നിലയില്‍ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഒരു ആരോഗ്യപ്രവര്‍ത്തകന് കൂടി നിപ സ്ഥിരീകരിച്ചിരുന്നു. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. ആദ്യം മരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍. ഇതോടെ ജില്ലയിലെ ആക്റ്റീവ് കേസുകള്‍ 3 ആയി.