തിരുവനന്തപുരം• തന്റെ സ്ഥലം മാറ്റം നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത്. അനാവശ്യ വിവാദങ്ങൾ അവസാനിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടാത്ത രീതിയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. നല്ല രീതിയിൽ അന്വേഷണം മുന്നോട്ടുപോകുമെന്നതിൽ ഒരു തർക്കവും ഇല്ലെന്നും ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ്.ശ്രീജിത്തിനെ കഴിഞ്ഞ ദിവസമാണു ഗതാഗത കമ്മിഷണറായി നിയമിച്ചത്. സർവീസിൽ ആദ്യമായാണ് ശ്രീജിത്തിനെ പൊലീസ് സേനയ്ക്കു പുറത്തു നിയമിക്കുന്നത്.
‘പൂർണമായും സർക്കാരിന്റെ പിന്തുണയില്ലാതെ ഇത്തരത്തിൽ ഒരു അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ല. സർക്കാരിന്റെ പിന്തുണയോടു കൂടി നടക്കുന്ന ഈ അന്വഷണത്തിൽ ഒരു ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ യാതൊരു വ്യത്യാസവും വരില്ല. നാലു വ്യത്യസ്ത സ്വതന്ത്ര ഡിപാർട്മെന്റുകളിലെ തലവന്മാരെ പുനർനിർണയിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ ഒരു പ്രക്രിയയാണിത്. അതിനാൽ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം.
അന്വേഷണം നല്ല രീതിയിൽതന്നെ മുന്നോട്ടു പോകുന്നുണ്ട്. അതിന്റെ നേതൃത്വത്തിലുള്ള ഒരാൾ മാറിയെന്നു കരുതി അന്വേഷണത്തിന് ഒന്നും സംഭവിക്കില്ല. കാരണം ഇതിനു പിറകിലുള്ളത് സർക്കാരിന്റെ ദൃഢനിശ്ചയം തന്നെയാണ്’–ശ്രീജിത്ത് പറഞ്ഞു.