കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ തൂങ്ങാംപാറ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം സ്പോട്ടാക്കി മാറ്റുന്നു. ടൂറിസത്തിൻ്റെ അനന്തമായ സാധ്യതകൾ തുറന്നിട്ട് തൂങ്ങാംപാറ. കാട്ടാക്കടയിലെ പ്രാദേശികമായ ഒരു ടൂറിസം സ്പോട്ടാണ് തൂങ്ങാംപാറ. പക്ഷേ ഇനിമുതൽ തൂങ്ങാംപാറയെ ലോകം അറിയും. ജില്ലയിലെ ഇക്കോ ടൂറിസം സ്പോട്ട്ആയി വളരാൻ ഒരുങ്ങുകയാണ് ഈ പ്രദേശം.
തിരുവനന്തപൂരം ജില്ലയിൽ കാട്ടാക്കടയിൽ നിന്നും 2 കിലോമീറ്റർ മാറി നെയ്യാറ്റിൻകര റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് തൂങ്ങാംപാറ. ഈ പ്രദേശത്ത് ഒരു വലിയ തൂക്കായ പാറയുണ്ട്. തൂക്കായ പാറയ്ക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി. പ്രശസ്തമായ ഇറയാൻകോട് മഹാദേവക്ഷേത്രം, സെൻറ് ത്രേസ്യാ ദേവാലയം എന്നിവ തൂങ്ങാംപാറയെ പ്രശസ്തമാക്കുന്നു. പാറമുകളിൽനിന്നുള്ള ആകാശക്കാഴ്ചയാണ് പ്രത്യേകത.
സാഹസിക വിനോദങ്ങൾ ഉൾപ്പെടുത്തി പ്രദേശത്തെ ടൂറിസം സ്പോട്ടായി വികസിപ്പിക്കാനുള്ള വിനോദസഞ്ചാരവകുപ്പിൻ്റെ പദ്ധതിയിൽ 99.99 ലക്ഷം രൂപയുടെ ഒന്നാംഘട്ടമാണ് തുടങ്ങുന്നത്. ഒരേക്കറിലേറെ വിസ്തീർണം ഉണ്ട് തൂങ്ങാംപറയ്ക്ക്. ഇവിടെ ആരംഭിക്കുന്ന ഇക്കോ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചിരുന്നു.
പ്രകൃതിഭംഗി ആവോളം നുകരാൻ കഴിയുന്ന സ്ഥലം. പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്തിനൊപ്പം എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് പ്രത്യേകത. 200 അടിയോളം ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്.
പണ്ട് കർഷകർ മരിച്ചീനി ഉണക്കാൻ ഉപയോഗിച്ചിരുന്നത് ഈ പാറപ്പുറം ആയിരുന്നു. പിന്നീട് കുട്ടിക്കൂട്ടങ്ങളുടെ വിനോദ ഇടമായും ഇവിടെ മാറി. ഇടയ്ക്ക് ഇവിടത്തെ പാറ പൊട്ടിക്കാൻ എത്തിയ ചിലരെ നാട്ടുകാർ ഓടിച്ചു വിട്ട ചരിത്രവും ഉണ്ട്. നാട്ടുകാരുടെ ചെറുത്ത് നിൽപ്പിന് മുന്നിൽ മുട്ടുമടക്കിയ അക്കൂട്ടർ പിന്നെ ഈ വഴി വന്നതേയില്ല. ഇപ്പോഴിതാ ടൂറിസത്തിൻ്റെ അനന്തസാധ്യതകളുമായി തൂങ്ങാംപാറ ലോകത്തിന്റെ നെറുകയിലേക്ക് ഉയരാൻ പോവുകയാണ്. ഈ പാറയ്ക്ക് മുകളിലേക്ക് ആഴ്ചകൾ ഓരോ മനുഷ്യനെയും വിസ്മയിപ്പിക്കും എന്ന് ഉറപ്പാണ്. അസ്തമയ സൂര്യനും അഗസ്ത്യാർകൂടത്തിലെ കാറ്റും വിദൂര നഗര ദൃശ്യങ്ങളും ഒക്കെ നവ്യാനുഭവമാകും ഓരോ വിനോദസഞ്ചാരിക്കും സമ്മാനിക്കുക.