‘ചുണ്ടില്‍ ലിപ്സ്റ്റിക്’; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിന് സ്ഥലംമാറ്റം.

0
31

ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്ത ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാറിനെ സ്ഥലം മാറ്റി. ദഫേദറായ എസ്ബി മാധവിയെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞമാസം നടന്ന ഒരു ഔദ്യോഗിക പരിപാടിയില്‍ മാധവി ലിപ്സ്റ്റിക് അണിഞ്ഞെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് തന്നെ കാണിക്കണമെന്ന് മേയര്‍ ആര്‍ പ്രിയയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ ശിവശങ്കറിനോട് മാധവി ആവശ്യപ്പെടുകയായിരുന്നു. നടപടി മനുഷ്യവകാശ ലംഘനമാണെന്നും മാധവി പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച മെമ്മോയ്ക്ക് നല്‍കിയ മറുപടിയിലാണ് മാധവി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇത് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനാണ്. ഇത്തരം നിര്‍ദേശങ്ങള്‍ കടുത്ത മനുഷ്യവകാശ ലംഘനമാണ്,’ മെമ്മോയ്ക്ക് നല്‍കിയ മറുപടിയില്‍ മാധവി പറയുന്നു. ജോലിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റുന്നയാളാണ് താനെന്നും മാധവി പറഞ്ഞു. ‘നിങ്ങള്‍ എന്നോട് ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ അത് അനുസരിച്ചില്ല. അതൊരു നിയമലംഘനമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവ് എന്നെ കാണിക്കണം,’ മാധവി പറഞ്ഞു.

അതേസമയം സംഭവം വിവാദമായതോടെ ഈ വിഷയത്തില്‍ വിശദീകരണവുമായി മേയര്‍ ആര്‍ പ്രിയ രംഗത്തെത്തി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയില്‍ ദഫേദാറായ മാധവി പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി എന്ന് മേയര്‍ പറഞ്ഞു. ‘കടുംനിറത്തിലുള്ളതും പെട്ടെന്ന് കണ്ണിലുടക്കുന്ന തരത്തിലുള്ളതുമായ ലിപ്സ്റ്റിക്കുകളാണ് ദഫേദാര്‍ ഉപയോഗിക്കാറുള്ളത്. മന്ത്രിമാര്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ഔദ്യോഗിക പരിപാടികള്‍ക്ക് ഞങ്ങള്‍ ആതിഥേയത്വം വഹിക്കേണ്ട സാഹചര്യങ്ങളുണ്ടാകാറുണ്ട്,’ മേയര്‍ ആര്‍ പ്രിയ പറഞ്ഞു.

എന്നാല്‍ ലിപ്സ്റ്റിക് വിഷയവുമായി ബന്ധപ്പെട്ടല്ല മാധവിയുടെ സ്ഥലംമാറ്റം എന്നും മേയര്‍ പറഞ്ഞു. മാധവിയെ തമിഴ്‌നാട്ടിലെ തന്നെ മണലി സോണിലേക്കാണ് സ്ഥലം മാറ്റിയത്. നഗരത്തില്‍ നിന്ന് ഏറെ ദൂരെയുള്ള മണലിയിലേക്ക് സ്ഥലം മാറ്റിയതിലും മാധവി രോഷം പ്രകടിപ്പിച്ചു. നിലവില്‍ ദഫേദാറുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here