കെ.റെയിലിന്‍റെ പേരില്‍ തട്ടിക്കൂട്ട് സംവാദം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഈ സംവാദം സംഘടിപ്പിക്കുന്നത്. കെ-റെയിലിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വലിയ ഒരു സമൂഹമുണ്ട്. അവരുമായി സംവദിക്കാനുള്ള നട്ടെല്ലും ആര്‍ജ്ജവവുമാണ് ആദ്യം കാട്ടേണ്ടതെന്നും സുധാകരൻ പറഞ്ഞു.
കെ-റെയിലിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുന്നവരെ കാണാനോ അവരുടെ പരിഭവം കേള്‍ക്കാനോ സര്‍ക്കാരും മുഖ്യമന്ത്രി തയ്യാറായില്ല. കെ-റെയില്‍ പദ്ധതിയുടെ പേരില്‍ ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവരുമായി സംവാദമോ ചര്‍ച്ചയോ നടത്തിയിട്ട് എന്തു പ്രയോജനമാണുള്ളതെന്നും സുധാകരന്‍ ചോദിച്ചു. ജനാധിപത്യവും സുതാര്യതയും ഉറപ്പുവരുത്താതെയാണ് കെ.റെയില്‍ സംവാദം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കെ-റെയില്‍ സംവാദ പരിപാടി സര്‍ക്കാരിന്‍റെ പിആര്‍ എക്സര്‍സെെസ് മാത്രമായി മാറി. ആരാണ് സംവാദം നടത്തുന്നത് എന്നത് സംബന്ധിച്ച് ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനില്‍ക്കുന്നുയെന്നതാണ് വസ്തുത. രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യൂവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയത് എതിര്‍ശബ്ദങ്ങളുടെ എണ്ണം കുറച്ച് സര്‍ക്കാരിന് മംഗളപത്രം രചിക്കുന്നവരെ ഉള്‍പ്പെടുത്തി സംവാദം സംഘടിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത ഇതില്‍ നിന്ന് പ്രകടമാണെന്നും സുധാകരന്‍ പറഞ്ഞു.