ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ് ഒരുങ്ങി.

0
68

തിരുവനന്തപുരം• ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബ് ഒരുങ്ങി. ഞായറാഴ്ച്ച (15) ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും. കൊല്‍ക്കത്തയില്‍ നിന്നും എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഇന്ത്യന്‍ ടീം ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്തയിലുമാണ് താമസം.

14ന് ഇരു ടീമുകളും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലു മണിവരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തും. ടീമുകള്‍ക്കൊപ്പം തന്നെ മാച്ച് ഓഫീഷ്യലുകളും തിരുവനന്തപുരത്തെത്തും. നിതിന്‍ മേനോനും ജെ.ആര്‍. മദനഗോപാലുമാണ് ഫീല്‍ഡില്‍ മത്സരം നിയന്ത്രിക്കുന്നത്. അനില്‍ ചൗധരിയാണ് ടിവി അംപയര്‍. കെ.എന്‍. അനന്തപത്മനാഭന്‍ ഫോര്‍ത്ത് അംപയറുടെയും ജവഗല്‍ ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് രാജ്യാന്തര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിന മത്സരം നടന്നത്. അന്ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 2017 നവംബര്‍ ഏഴിന് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ട്വന്റി20യാണ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരം. മഴ മൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അതിനു ശേഷം 2019 ഡിസംബര്‍ എട്ടിനു നടന്ന ട്വന്റി20യില്‍ വിന്‍ഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കോവിഡിനെത്തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം 2022 സെപ്തംബര്‍ 28നാണ് സ്റ്റേഡിയത്തിലെ മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here