ഭുവനേശ്വർ: ഹോക്കിയിലെ വമ്പന്മാർ ഒരൊറ്റ ലക്ഷ്യത്തോടെ കളത്തിലേക്ക്. ലോകകപ്പ് സ്വപ്നംകണ്ട് ഇന്ത്യയടക്കം 16 രാജ്യങ്ങൾ കളിക്കാനിറങ്ങുമ്പോൾ ആരാധകർക്ക് തകർപ്പൻ പോരാട്ടങ്ങളുടെ കാഴ്ചയൊരുങ്ങും. ഭുവനേശ്വറിലും റൂർക്കേലയിലുമായി നടക്കുന്ന ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. ആദ്യകളിയിൽ കലിംഗ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് അർജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. ഇതേസമയത്ത് റൂർക്കേലയിൽ ഗ്രൂപ്പ് സിയിൽ ന്യൂസീലൻഡ് ചിലിയുമായി കളിക്കും. ഇന്ത്യയുടെ കളി രാത്രി ഏഴ് മണിക്കാണ്. സ്പെയിനാണ് എതിരാളി.
അഞ്ച് വൻകരകളിൽനിന്നാണ് 16 ടീമുകളെത്തുന്നത്. നാല് ഗ്രൂപ്പുകളായിട്ടാണ് മത്സരം. ഗ്രൂപ്പ് ജേതാക്കൾ നേരിട്ട് ക്വാർട്ടർ ഫൈനലിൽ കടക്കും. രണ്ടും മൂന്നും സ്ഥാനക്കാർ ക്രോസോവർ മത്സരങ്ങൾ കളിക്കും. ഇതിലെ വിജയികൾ ക്വാർട്ടറിലെത്തും. ഫൈനൽ ജനുവരി 29-നാണ്.