ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021-ലെ സ്വാതന്ത്ര്യദിനത്തിൽ ‘ദേശീയ ഹൈഡ്രജൻ ദൗത്യം'( National Green Hydrogen Mission) പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ 2023 ജനുവരി നാലിന് കേന്ദ്ര മന്ത്രിസഭ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് 19,744 കോടി രൂപയുടെ പ്രാരംഭ ചെലവ് അനുവദിക്കുകയും ചെയ്തു. 2030-ഓടെ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. മൊത്തം വിഹിതത്തിൽ, അഞ്ച് വർഷത്തേക്ക് ഇലക്ട്രോലൈസറുകളും ഗ്രീൻ ഹൈഡ്രജനും ഉൽപ്പാദിപ്പിക്കുന്നതിന് കേന്ദ്രം 17,490 കോടി രൂപയുടെ പ്രോത്സാഹനങ്ങൾ നൽകും. 2030-ഓടെ എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ആറ് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ‘ദേശീയ ഹൈഡ്രജൻ ദൗത്യം’ മുഖേന കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പാരീസ് ഉടമ്പടിക്ക് കീഴിലുള്ള ഇന്ത്യയുടെ പ്രതിജ്ഞയനുസരിച്ച് 2030-ഓടെ ഏകദേശം അഞ്ച് കോടി മെട്രിക് ടൺ വാർഷിക ഹരിതഗൃഹ വാതക ഉൽസർജനം (Emission) കുറയ്ക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൗത്യം വഴി ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ഇന്ത്യക്ക് ഒരു ലക്ഷം കോടിയുടെ രൂപയുടെ ലാഭം ഉണ്ടാകുമെന്നും കണക്ക് കൂട്ടുന്നുണ്ട്. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ, ഇന്ത്യയുടെ കാർബൺ ഉൽസർജനം കുറയ്ക്കുന്നതിനുള്ള (Mitigation) ഒരു സുപ്രധാന നടപടിയായാണ് വിദഗ്ധരും വ്യവസായ പ്രമുഖരും കാണുന്നത്. പ്രകൃതിയിലെ ഏറ്റവും സാധാരണമായ മൂലകമാണ് ഹൈഡ്രജൻ; പ്രപഞ്ചത്തിന്റെ ആകെ ഭാരത്തിന്റെ 75 ശതമാനവും ഹൈഡ്രജൻ സംഭാവന ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. ഹൈഡ്രജൻ സാധാരണ ഗതിയിൽ മറ്റ് മൂലകങ്ങളുമായി സംയോജിച്ച് മാത്രമേ നിലനിൽക്കൂ.
വെള്ളം പോലെയുള്ള പ്രകൃതിദത്ത സംയുക്തങ്ങളിൽനിന്ന് ഇവയെ വേർതിരിച്ചെടുക്കണം. 1970-കളിലെ എണ്ണവില ആഘാതത്തിന് ശേഷമാണ് ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ എന്ന സാധ്യത ഗൗരവമായി പരിഗണിക്കുന്നത്. പ്രകൃതിവാതകം, ആണവോർജ്ജം, ബയോഗ്യാസ്, സൗരോർജ്ജം, കാറ്റ് തുടങ്ങിയ ഊർജ സ്രോതസ്സുകളുപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയും. ‘പ്രകൃതി വാതക’ത്തിന്റെ പ്രധാന ഘടകമാണ് മീഥെയ്ൻ. ബയോഗ്യാസിലും അങ്ങനെ തന്നെ! ഇത് എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു സ്രോതസ്സാണ്. ചൂടാക്കാനും വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ചരിത്രപരമായി ആശ്രയിക്കുന്ന ഏറ്റവും മലിനമായ ഫോസിൽ ഇന്ധനം! പ്രകൃതി വാതകം കത്തിച്ചാൽ അത് താപോർജ്ജം നൽകുന്നു. എന്നാൽ, ജലത്തോടൊപ്പം മാലിന്യ ഉൽപ്പന്നമായ കാർബൺ ഡൈ ഓക്സൈഡ് കൂടി പുറത്തു വരും. ഇത് അന്തരീക്ഷത്തിലേക്ക് വിടുമ്പോൾ ആഗോള താപനത്തിൽ പങ്കാളിയാവുന്നു. എന്നാൽ, ഹൈഡ്രജൻ കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവരുന്നില്ല. ഇതോടൊപ്പം അമോണിയ ഉൾപ്പെടെ നിരവധി രാസസംയുക്തങ്ങളുടെ നിർമ്മാണത്തിന് ഹൈഡ്രജൻ ആവശ്യമാണെന്നും ഓർക്കണം.
ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കുന്ന കാറുകൾ ലോകത്ത് പലയിടത്തും ഇറങ്ങിക്കഴിഞ്ഞു. ജപ്പാൻ, ജർമ്മനി, USA എന്നീ രാജ്യങ്ങളിൽ പൊതു ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്, ഇത് പെട്രോളോ ഡീസലോ നിറയ്ക്കുന്നത് പോലെ കാറിൽ നിറയ്ക്കാൻ കഴിയും. റോഡ്, എയർ, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദൽ ഇന്ധനം കൂടിയാണ് ഹൈഡ്രജൻ. ഹൈഡ്രജൻ ഒരു പ്രായോഗിക ബദലായി മാറണമെങ്കിൽ ആവശ്യത്തിനുള്ള അളവിൽ, കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇതിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പരീക്ഷണങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്യേണ്ടി വരും.
വൈദ്യുതവിശ്ലേഷണത്തിലൂടെ ജലത്തെ വിഭജിച്ച് ഹൈഡ്രജൻ ഉണ്ടാക്കുന്നു; ഇങ്ങിനയുള്ള . വൈദ്യുതവിശ്ലേഷണം പുനരുപയോഗിക്കാവുന്ന ഊർജ്ജത്താൽ പ്രവർത്തിക്കുന്നു എങ്കിൽ , അത് ഗ്രീൻ ഹൈഡ്രജൻ ആണ്. ഇതാണ് ‘ദേശീയ ഹൈഡ്രജൻ ദൗത്യം’ ഉന്നം വെക്കുന്നത്. പ്രകൃതി വാതകം ഉപയോഗിച്ചു ലഭിക്കുന്ന ഗ്രേ ഹൈഡ്രജനുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുനരുപയോഗ ഊർജം (സൗരോർജ്ജം, കാറ്റ് മുതലായവ) ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ്. അതിനാൽ അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് പോകുന്നില്ല. അതുകൊണ്ടാണ് ഇന്ത്യ ഈ പദ്ധതിയിൽ ഇത്രയധികം താത്പര്യമെടുക്കുന്നത്. പദ്ധതി വിജയമായാൽ 2030-ലെയും 2070-ലെയും ഇന്ത്യയുടെ ഹരിതഗൃഹ വാതകവുമായി ബന്ധപ്പെട്ട പ്രതിബദ്ധത എളുപ്പത്തിൽ നടപ്പിൽ വരുത്താൻ കഴിയും.