കൊൽക്കത്ത • ബാറ്റർമാരേക്കാൾ ബോളർമാരുടെ പറുദീസയായി മാറിയ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ, തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര നേട്ടം. നീണ്ട എട്ടു വർഷങ്ങൾക്കു ശേഷം ഇന്ത്യയും ശ്രീലങ്കയും ഇവിടെ ഏകദിനത്തിൽ മുഖാമുഖം വന്ന മത്സരത്തിൽ, ഇന്ത്യയുടെ വിജയം നാലു വിക്കറ്റിന്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 39.4 ഓവറിൽ 215 റൺസിന് എല്ലാവരും പുറത്തായി. താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ ലങ്കൻ ബോളർമാർക്കു മുന്നിൽ വിറച്ചെങ്കിലും, 40 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ഇതോടെ, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കി. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കും.