കണ്ണൂർ • ബെംഗളൂരു – മൈസൂരു വ്യാവസായിക ഇടനാഴി ഫെബ്രുവരി അവസാനത്തോടെ തുറക്കുമ്പോൾ വികസന പ്രതീക്ഷയിൽ വടക്കേ മലബാറും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ഈ പത്തുവരിപ്പാത കണ്ണൂരിന്റെ വികസനത്തിലേക്കു കൂടിയാണ് വഴി തുറക്കുക. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണു മുന്നിലുള്ള കടമ്പ.
മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയം കുറയും.കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ മേഖലയ്ക്കുമെല്ലാം ഇത് ഗുണകരമാകും.
കണ്ണൂർ വിമാനത്താവളത്തിന്റെയും അഴീക്കൽ തുറമുഖത്തിന്റെയുമെല്ലാം സൗകര്യങ്ങൾ ഉപയോഗിക്കാൻ കുടക് മേഖലയിലുള്ളവർക്കും സാധിക്കുമെന്നതിനാൽ കുടക് മേഖലയിലെ ജനപ്രതിനിധികളും വ്യാപാര–വ്യവസായ–വിനോജസഞ്ചാര രംഗത്തുള്ളവരും പദ്ധതിക്ക് അനുകൂലമാണ്.മടിക്കേരി – മൈസൂരു ദേശീയപാത നാലുവരിയായി വികസിപ്പിക്കാൻ ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു.