വാഷിങ്ടൺ,ഡി.സി.: ആർട്ടെമിസ് ദൗത്യത്തിന്റെ മൂന്നാമത് വിക്ഷേപണത്തിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് 13 സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. മനുഷ്യനെ ചന്ദ്രനിൽ വീണ്ടുമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ആർട്ടെമിസ് ദൗത്യത്തിന്റെ മൂന്നാമത് വിക്ഷേപണത്തിലാണ് ആദ്യമായി ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലേക്ക് പുറപ്പെടുക.
“അപ്പോളോയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിൽ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളുടെ വലിയൊരു കുതിച്ചുചാട്ടമാണ് സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയുണ്ടായത്. ഇതിന് മുമ്പുണ്ടായ ഒരു ദൗത്യവും പോലെയല്ല ഇത്. ബഹിരാകാശ യാത്രികർ മനുഷ്യർ മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് കടക്കുകയും അവിടെ ഭാവിയിൽ ദീർഘകാല താമസമൊരുക്കുന്നതിനുള്ള അടിത്തറിയിടുകയും ചെയ്യും.” ആർട്ടെമിസ് കാമ്പയിൻ ഡെവലപ്മെന്റ് ഡിവിഷൻ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ മാർക് കിരാസിച്ച് നാസയുടെ പത്രപ്രസ്താവനയിൽ പറഞ്ഞു.
ഫൗസ്റ്റിനി റിം എ, പീക്ക് നിയർ ഷാക്കിൾടൺ, കണ്ക്റ്റിങ് റിഡ്ജ്, കണക്റ്റിങ് റിഡ്ജ് എക്സ്റ്റൻഷൻ, ഡി ഗെർലാച് റിം 1, ഡീ ഗെർലാച് റിം 2, ഡീ ഗെർലാച്-കോച്ലർ മസിഫ്, ഹവോർത്ത്, മലാപെർട്ട് മസിഫ്, ലെയ്ബ്നിസ് ബീറ്റ് പ്ലേറ്റിയൂ, നോബിൾ റിം 1, നോബിൾ റിം 2, അമുൺസെൻ റിം എന്നീ സ്ഥലങ്ങളാണ് ആർട്ടെമിസ് മിഷൻ ലാൻഡിങിന് വേണ്ടി തിരഞ്ഞെടുത്തത്.
ഇത്രയും വർഷക്കാലത്തെ ശാസ്ത്ര പഠനങ്ങളും വിവരങ്ങളും കണ്ടെത്തലുകളുമെല്ലാം വിശകലനം ചെയ്താണ് ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും അടങ്ങുന്ന സംഘം ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. നാസയുടെ ലൂണാർ റിക്കനൈസൻസ് ഓർബിറ്ററിൽ നിന്നുള്ള വിവരങ്ങളും ഇതിനായി സഹായകമായി.
വിക്ഷേപണ സമയം കണക്കാക്കി ഈ സ്ഥലങ്ങളിൽ നിന്ന് ഭൂമിയിലേക്കുള്ള ആശയവനിമയം, ഇവിടുത്തെ പ്രകാശ ലഭ്യത ഉൾപ്പടെ സുരക്ഷിതമായ ലാൻഡിങിന് വേണ്ട ഘടകങ്ങളും വിദഗ്ദർ പരിശോധിച്ചിരുന്നു.
തിരഞ്ഞെടുത്ത എല്ലാ പ്രദേശങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ആറ് ഡിഗ്രി അക്ഷാംശത്തിനകത്താണ്. കൂടാതെ വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഈ സ്ഥലങ്ങൾക്കുണ്ട്. വിക്ഷേപണത്തിന് വേണ്ടിവരുന്ന സമയക്രമത്തിനനുസരിച്ച് ഈ സ്ഥലങ്ങളിലേതും തിരഞ്ഞെടുക്കാൻ ദൗത്യ സംഘത്തിന് സാധിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തായതിനാൽ ഈ സ്ഥലങ്ങളെല്ലാം ദൗത്യത്തിന് ഏറെ പ്രധാനപ്പെട്ടവയാണ്.