സംസ്ഥാനത്ത് പകർച്ച വ്യാധികളുടെ വർദ്ധനവിൽ ആശങ്ക. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ചതിൻ്റെ ഉറവിടം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇതിവരെ തിരുവനന്തപുരം ജില്ലയിൽ ഏഴുപേർക്കും കാസർഗോഡ് ഒരാൾക്കും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരവും കോളറയും എച്ച് വൺ എൻ വണ്ണും ദിനംപ്രതി വർദ്ധിക്കുന്നതായാണ് കണക്ക്.
സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഉർജിതമാക്കുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജിലും ഒരാൾ എസ്എടി ആശുപത്രിയിലും ഐരാണിമുട്ടം ഐസൊലേഷൻ വാർഡിലുമായി ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ഇന്നലെ മാത്രം 13,196 പേർക്കാണ് പനി ബാധിച്ച് ചികിത്സ തേടിയിട്ടുള്ളത്. പനിബാധിതരിൽ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഇതിൽ രണ്ട് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. 145 പേർക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 42 പേർക്ക് ഇന്നലെ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.