സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയുടെ മകന്‍ മന്ത്രി ഉദയനിധി സ്റ്റാലിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെക്കുമെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രാംപൂരിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.മുതിര്‍ന്ന അഭിഭാഷകരായ ഹര്‍ഷ് ഗുപ്തയും രാം സിംഗ് ലോധിയും രാംപൂരിലെ സിവില്‍ ലൈന്‍സ് കോട്വാലിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി നല്‍കി.
സെപ്തംബര്‍ 4 ലെ പത്രങ്ങളില്‍ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതായി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന് അഭിഭാഷകന്‍ ഹര്‍ഷ് ഗുപ്ത പരാതിയില്‍ പറയുന്നു. സനാതന ധര്‍മ്മത്തെ കൊറോണ, ഡെങ്കിപ്പനി, മലേറിയ എന്നിവയുമായി ഉദയനിധി താരതമ്യപ്പെടുത്തി. അടുത്ത ദിവസം, കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ ഉദയനിധിയുടെ പ്രസംഗത്തെ പിന്തുണച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.