മുംബൈ: സർക്കാർ ജീവനക്കാർ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായി ഫോൺ ചെയ്യുമ്പോൾ ഹലോയ്ക്കു പകരം വന്ദേ മാതരം എന്നു പറയണമെന്ന നിബന്ധനയുമായി മഹാരാഷ്ട്ര സർക്കാർ. സർക്കാർ ജീവനക്കാർ മാത്രമല്ല, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും ഈ നിബന്ധന പാലിക്കണമെന്ന് സംസ്ഥാന സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഗവൺമെന്റ് റെസല്യൂഷൻ (ജി.ആർ.) പറയുന്നു.
ഗാന്ധിജയന്തിദിനമായ ഇന്നു മുതലാണ് സംസ്ഥാനത്തെമ്പാടും ഈ ക്യാമ്പയിൻ ആരംഭിക്കുന്നത്. വാർധയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സാംസ്കാരികവകുപ്പു മന്ത്രി സുധീർ മുംഗതിവാർ എന്നിവർ ചേർന്നാണ് ക്യാമ്പയിന് തുടക്കം കുറിക്കുക.
മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ജി.ആർ. പുറത്തിറക്കിയിരിക്കുന്നത്. ജനങ്ങളിൽനിന്നോ സർക്കാർ ജീവനക്കാരിൽനിന്നോ ടെലിഫോൺ അല്ലെങ്കിൽ മൊബൈൽ ഫോണിൽ വിളി വരുമ്പോഴാണ് ഹലോയ്ക്കു പകരം വന്ദേ മാതരം എന്നു പറയേണ്ടതെന്ന് ജി.ആർ. വ്യക്തമാക്കുന്നു. തങ്ങളെ കാണാൻ വരുന്ന ജനങ്ങളെ അഭിവാദനത്തിന് വന്ദേ മാതരം എന്ന് ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ ബോധവത്കരിക്കണമെന്നും ജി.ആറിൽ നിർദേശമുണ്ട്.
ഹലോ എന്ന അഭിവാദനം പാശ്ചാത്യസംസ്കാരത്തിന്റെ അനുകരണമാണെന്ന് ജി.ആർ. പറയുന്നു. ഹലോ എന്നത് പ്രത്യേകിച്ച് അർഥമോ ഊഷ്മളതയോ ഇല്ലാത്തെ വെറുമൊരു അഭിവാദനം മാത്രമാണെന്നും ജി.ആർ. പറയുന്നു.