ചെന്നൈ: തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കൊറോണ വ്യാപനം രൂക്ഷമാകുന്നു. തമിഴ്‌നാട്ടില്‍ ഇന്നലെമാത്രം 4,526 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,47,324 ആയി. 97,310 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 47,912 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 67 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ മരണ സംഖ്യ 2099 ആയി.
മഹാരാഷ്ട്രയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഇന്നലെ 6,741 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,67,665 ആയി. 213 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10,695 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 4500 പേര്‍ ഇന്ന് രോഗമുക്തി നേടി. നിലവില്‍ 1,07,663 പേര്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുണ്ട്. 1,49,007 പേര്‍ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, മുംബൈയില്‍ കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 969 പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 94,863 ആയിട്ടുണ്ട്.