അർണബ് ഗോസ്വാമിക്ക് ജാമ്യം

0
97

മുംബൈ: ( 11.11.2020) ആര്‍ക്കിടെക്റ്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിപ്പബ്ലിക് ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം. 50,000 രൂപ ജാമ്യത്തുകയായി കെട്ടവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അര്‍ണബിനെയും മറ്റു രണ്ടു പ്രതികളെയും ഉടന്‍ വിട്ടയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 

റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ ജാമ്യം നിഷേധിച്ച ബോംബൈ ഹൈക്കോടതി ഉത്തരവിനെതിരെ അര്‍ണബ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.2018ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യമിട്ടാല്‍ അവരുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇവിടെ സുപ്രീംകോടതിയുണ്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചിരുന്നു.

 

 

‘അര്‍ണബിന്റെ ചാനല്‍ കാണാറില്ല. ആശയങ്ങളില്‍ വ്യത്യാസമുണ്ടാകാം, എങ്കിലും ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ ഇടപെട്ടില്ലെങ്കില്‍ നമ്മള്‍ അപകടകരമായ അവസ്ഥയിലേക്കാണു നീങ്ങുന്നത്.’ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

 

നമ്മുടെ ജനാധിപത്യസംവിധാനം ശക്തമാണ്. ചാനലുകളെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. തെരഞ്ഞെടുപ്പുകളില്‍ ജനവിധിയുണ്ടാകുന്നത് ഇതിന്റെ അടിസ്ഥാനത്തിലല്ല. അവര്‍ പറയുന്നതു തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു കരുതുന്നുണ്ടോയെന്നും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോടു ചോദിച്ചു.

 

എന്നാല്‍ അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിനു കത്ത് നല്‍കിയിരുന്നു.

 

തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്ബോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച്‌ ലിസ്റ്റ് ചെയ്‌തെന്നായിരുന്നു കത്തിലെ ആരോപണം. ഹര്‍ജി അടിയന്തിരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചോയെന്നു വ്യക്തമാക്കണമെന്നും ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടു.

 

തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഉത്തരവിറക്കരുതെന്ന് അഭ്യര്‍ഥിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കേവിയറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്. അസാധാരണ സാഹചര്യമില്ലെന്നും അര്‍ണബിനോടും ആരോപണവിധേയരായ മറ്റു രണ്ടു പേരോടും അലിബാഗ് സെഷന്‍സ് കോടതിയെ സമീപിക്കാനുമാണ് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ നാലു ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

 

അതിനിടെ, അര്‍ണബ് ഗോസ്വാമിയുടെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക അറിയിച്ച്‌ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ ഫോണില്‍ വിളിച്ചതും വിവാദമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here