സംസ്ഥാനത്ത് മദ്യത്തിന്റെ വിൽപ്പനയും ഉപഭോഗവും നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മണിപ്പൂർ സർക്കാർ മദ്യം നിയമവിധേയമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മദ്യത്തിന്റെ നിർമ്മാണം, ഉൽപ്പാദനം, കൈവശം വയ്ക്കൽ, കയറ്റുമതി, ഇറക്കുമതി, വാങ്ങൽ, വിൽപ്പന, ഉപഭോഗം എന്നിവ ഇതോടെ സംസ്ഥാനത്ത് നിയമവിധേയമാകും. മദ്യം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചട്ടങ്ങൾ അടങ്ങുന്ന ഗസറ്റ് വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. നിരോധനം നീക്കിയതോടെ സംസ്ഥാനത്ത് മദ്യവിൽപ്പനയിലൂടെ ഏകദേശം 600 മുതൽ 700 കോടി രൂപയുടെ വരെ വാർഷിക വരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
1991 ലാണ് മണിപ്പൂരിൽ മദ്യ നിരോധന നിയമം നിലവിൽ വന്നത്. എന്നാൽ പരമ്പരാഗതമായി മദ്യ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളിലെ ആളുകൾക്ക് ഇതിൽ ഇളവ് ലഭിച്ചിരുന്നു. സംസ്ഥാനത്തെ സെക്മായി, ഫായെങ്, ആൻഡ്രോ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരത്തിൽ പരമ്പരാഗത മദ്യ നിർമ്മാണം നിലനിൽക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 20ന് സർക്കാർ മദ്യ നിരോധനം ഭാഗികമായി നീക്കിയിരുന്നു. ജില്ലാ ആസ്ഥാനങ്ങളിലും, 20 ബെഡുകളിൽ കുറയാത്ത ഹോട്ടലുകളിലും മദ്യത്തിന്റെ വിൽപ്പനയും ഉപഭോഗവും അനുവദിക്കുകയും കൂടാതെ പ്രദേശികമായി നിർമ്മിക്കുന്ന മദ്യം സംസ്ഥാനത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യാനുള്ള അനുവാദവും നൽകിയിരുന്നു.