തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
ഷഹനയുമായി കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഇയാളുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉയര്‍ന്ന സ്ത്രീധനം റുവൈസിന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ പറയുന്നത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഷഹന ജീവനൊടുക്കിയതിന് പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പി ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎ നീക്കിയിരുന്നു. അന്വേഷണത്തിൽ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്. ഇതിനിടെ, ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ല കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. ഡിസംബർ 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.