തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചത് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവെച്ച് ജീവനക്കാർ കഴുകിച്ചതായി ആരോപണം. ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്ന സഹോദരിമാർക്കാണ് കെഎസ്ആർടിസി ബസിനുള്ളിൽ ദുരനുഭവമുണ്ടായത്. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കൾക്കാണ് ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ വെള്ളറട ഡിപ്പോയിലായാരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആർഎന്‍സി 105-ാം നമ്പർ ചെമ്പൂർ-വെള്ളറട ബസിലാണ് പെൺകുട്ടിയും സഹോദരിയും യാത്ര ചെയ്തിരുന്നത്. ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ പെൺകുട്ടി ഛർദ്ദിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ ദേഷ്യപ്പെടുകയും കയർത്ത് സംസാരിക്കുകയും ചെയ്തതായി പെൺകുട്ടികൾ പറയുന്നു.
ബസ് വെള്ളറട സ്റ്റാൻഡിൽ എത്തിയപ്പോൾ പെൺകുട്ടികൾ ബസിൽനിന്ന് ഇറങ്ങാൻ ഒരുങ്ങി. എന്നാൽ ബസിലെ ഛർദ്ദി കഴുകി വൃത്തിയാക്കിയിട്ട് ഇറങ്ങഇയാൽ മതിയെന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതോടെ മൂത്ത സഹോദരി ഡിപ്പോയിലെ വെഹിക്കിൾസ് സൂപ്രണ്ട് ഓഫീസിൽനിന്ന് ബക്കറ്റ് വാങ്ങി, സമീപത്തെ വാഷ് ബെയ്സിനിൽനിന്ന് വെള്ളം നിറച്ച് ബസിലെത്തി, ഇരുവരും ചേർന്ന് കഴുകി വൃത്തിയാക്കുകയായിരുന്നു. ഇത്രയും സമയം ഇളയ സഹോദരിയെ ബസിൽനിന്ന് ഇറങ്ങാൻ ഡ്രൈവർ സമ്മതിച്ചതുമില്ല.
ഛർദ്ദി കഴുകി വൃത്തിയാക്കിയശേഷമാണ് സഹോദരിമാരെ പോകാൻ ജീവനക്കാർ അനുവദിച്ചതെന്നാണ് ആക്ഷേപം. ബസ് വൃത്തിയാക്കാന്‍ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാർ പെൺകുട്ടികളോട് ഇത്തരത്തിൽ പെരുമാറിയതെന്നും വിമർശനം ഉയരുന്നുണ്ട്.