ഗിന്നസ് റെക്കോർഡിൽ ഇടം നേടി ചൈനീസ് റോബോട്ട് ‘അഗിബോട്ട് എ2’. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 100 കിലോമീറ്ററിലധികം ദൂരം താണ്ടി. ഹ്യൂമനോയിഡ് യന്ത്രം ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ദൂരമാണ് ഇത്.
ഒരു മനുഷ്യൻ മൂന്ന് ദിവസം തുടർച്ചയായി നടക്കുക എന്നത് അത്ര വലിയ സംഭവമൊന്നുമല്ലായിരിക്കും. പക്ഷേ, ഒരു റോബോട്ടാണെങ്കിലോ…. അതെ, മൂന്ന് ദിവസം നീണ്ടുനിന്ന തുടർച്ചയായ നടത്തത്തിനൊടുവിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ചൈനീസ് ഹ്യുമനോയ്‌ഡ് റോബോട്ട്.
‘അഗിബോട്ട് എ2’ എന്ന ഈ ഗിന്നസ് റെക്കോർഡ് താരം നടന്ന് താണ്ടിയത് 100 കിലോമീറ്ററിലധികം ദൂരമാണ്. ഒരു ഹ്യൂമനോയിഡ് യന്ത്രം ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ദൂരമാണിത്. നവംബർ 10ന് വൈകുന്നേരം കിഴക്കൻ ചൈനീസ് നഗരമായ സുഷൗവിൽ നിന്ന് പുറപ്പെട്ട റോബോട്ട് നവംബർ 13ന് ഷാങ്ഹായിലെ ചരിത്രപ്രസിദ്ധമായ വാട്ടർഫ്രണ്ട് ബണ്ട് പ്രദേശത്ത് എത്തിച്ചേർന്നതായാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് രേഖകൾ വ്യക്തമാക്കുന്നത്.
മൂന്ന് ദിവസം കൊണ്ട് താണ്ടിയത് 100 കിലോമീറ്റർ ദൂരം
ഹൈവേകളും നഗരവീഥികളും താണ്ടിയാണ് 169 സെന്‍റീമീറ്റർ (അഞ്ച് അടി ആറ് ഇഞ്ച്) നീളമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയത്. ഷാങ്ഹായ് ആസ്ഥാനമായുള്ള റോബോട്ട് നിർമ്മാതാക്കളായ അഗിബോട്ട് ആണ് ഈ മനുഷ്യരൂപത്തിലുള്ള ഹ്യൂമനോയിഡ് റോബോട്ടിന് പിന്നിൽ. മനുഷ്യനെ പോലെ രണ്ട് കാലുകളുള്ള റോബോട്ട് നടന്നുനീങ്ങിയത് 106.286 കിലോമീറ്റർ (66 മൈൽ) ആണ്.
നടന്നുനീങ്ങിയത് ഗതാഗത നിയമങ്ങൾ പാലിച്ച്
മൂന്ന് ദിവസം നീണ്ടുനിന്ന തുടർച്ചയായ യാത്രയ്‌ക്കിടയിൽ റോബോട്ട് വ്യത്യസ്‌തമായ പ്രതലങ്ങളിലൂടെ സഞ്ചരിച്ചതായും, നടത്തം എല്ലാ ഗതാഗത നിയമങ്ങൾ പാലിച്ചുകൊണ്ടായിരുന്നെന്നും കമ്പനി വ്യക്തമാക്കി. ഒരു ഹ്യുമനോയ്‌ഡ് റോബോട്ടിന് ഇത്തരത്തിലൊരു നേട്ടം കൈവരിക്കാനാകുന്നത് ആദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയും കറുപ്പും നിറത്തിലുള്ള അഗിബോട്ട് എ2 റോബോട്ട് സൈക്കിളിലും സ്കൂട്ടറിലും സഞ്ചരിക്കുന്നവരെ മറികടന്ന് റോഡിലൂടെ നടന്നുനീങ്ങുന്നത് അഗിബോട്ട് പുറത്തുവിട്ട വീഡിയോയിൽ കാണാം. വേഗത കൂട്ടി ഷാങ്ഹായ് സ്കൈലൈനിന് മുന്നിലുള്ള ബണ്ടിലൂടെ നടന്നുനീങ്ങുന്നതും വീഡിയോയിൽ കാണാം. ഉപഭോക്തൃ സേവനങ്ങൾക്കായി ചാറ്റ് ഫങ്ഷനും ലിപ്-റീഡിങ് കഴിവുകളും ഉള്ള അഗിബോട്ട് എ2 രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും കമ്പനി പറയുന്നു.
വരാനിരിക്കുന്നത് ബില്യണിലധികം ഹ്യൂമനോയിഡ് റോബോട്ടുകൾ
ഹ്യുമനോയ്‌ഡ് റോബോട്ടുകളുടെ ഇത്തരം വളർച്ച സാങ്കേതികവിദ്യയുടെ ത്വരിതഗതിയിലുള്ള വളർച്ച എടുത്തുകാണിക്കുന്നതിനൊപ്പം റോബോട്ടുകളുടെ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള വളർച്ചയും എടുത്തുകാണിക്കുന്നു. ലോകത്തിലെ ടെക് കമ്പനികൾ ഭൗതിക ആർടിഫിഷ്യൽ ഇന്റലിജൻസിൽ വൻതോതിൽ പണം നിക്ഷേപിക്കുന്നു. 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു ബില്യണിലധികം ഹ്യൂമനോയിഡ് റോബോട്ടുകൾ ഉണ്ടാകുമെന്നാണ് ആഗോള സാമ്പത്തിക സേവനദാതാക്കളായ മോർഗൻ സ്റ്റാൻലിയുടെ പ്രവചനം.
ആഗോള റോബോട്ടിക്സ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് സർക്കാർ മുന്നിട്ടിറങ്ങുന്നുണ്ട്. ആഭ്യന്തര സ്ഥാപനങ്ങൾക്ക് ഹ്യൂമനോയിഡുകൾ വികസിപ്പിക്കാൻ സർക്കാർ വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. ഓഗസ്റ്റിൽ ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ഗെയിമുകൾക്ക് ബീജിങ് ആതിഥേയത്വം വഹിച്ചിരുന്നു. ബാസ്കറ്റ്ബോൾ മുതൽ നിരവധി മത്സര ഗെയിമുകൾക്ക് ബീജിങ് വേദി ആയിട്ടുണ്ട്. വിവിധ മത്സരയിനങ്ങളിലായി 500-ലധികം അത്ലറ്റ് റോബോട്ടുകൾ പങ്കെടുത്തു.







