വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെ വെടിയുതിർത്ത പ്രതി കോൾ തോമസ് അല്ലൻ (31), ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബത്തിന് അയച്ച മാനിഫെസ്റ്റോയിലെ വിവരങ്ങൾ പുറത്ത്. തന്നെ ഒരു കൊലയാളിയായി (Assassin) വിശേഷിപ്പിച്ച പ്രതി, വൈറ്റ് ഹൗസ് വിരുന്നിലെ സുരക്ഷാ വീഴ്ചകളെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരു ഇറാനിയൻ ഏജന്റിന് എങ്ങനെ അകത്ത് കടക്കാമെന്നതിനെക്കുറിച്ചുള്ള ഭയപ്പെടുത്തുന്ന പരാമർശങ്ങളും ഈ രേഖയിലുണ്ട്.
“ഞാൻ ഒരു അമേരിക്കൻ പൗരന് പകരം ഒരു ഇറാനിയൻ ഏജന്റായിരുന്നെങ്കിൽ, ഒരു മെഷീൻ ഗണ്ണുമായി (M2 Browning .50-caliber) എനിക്ക് ഇവിടെ വരാമായിരുന്നു, ആരും അത് ശ്രദ്ധിക്കില്ലായിരുന്നു,” അല്ലൻ കുറിച്ചു. പരിപാടിയുടെ സുരക്ഷാ സംവിധാനങ്ങൾ അങ്ങേയറ്റം ദുർബലമാണെന്നും എളുപ്പത്തിൽ മറികടക്കാവുന്നതാണെന്നും മാനിഫെസ്റ്റോയിൽ അവകാശപ്പെടുന്നു. ‘ഫ്രണ്ട്ലി ഫെഡറൽ അസ്സാസിൻ’ (Friendly Federal Assassin) എന്നാണ് മാനിഫെസ്റ്റോയിൽ ഇയാൾ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് താൻ എത്തിയതെന്ന് അല്ലൻ വ്യക്തമാക്കുന്നു. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ഒഴിവാക്കി, മറ്റെല്ലാ ഉന്നത ഉദ്യോഗസ്ഥരെയും റാങ്ക് അടിസ്ഥാനത്തിൽ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. “ഒരു രാജ്യദ്രോഹിയുടെ കുറ്റകൃത്യങ്ങളിൽ എന്റെ കൈകൾ പങ്കാളിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” എന്ന് പ്രസിഡന്റ് ട്രംപിനെ സൂചിപ്പിച്ച് കൊണ്ട് ഇയാൾ എഴുതിയിട്ടുണ്ട്.
കൂടുതൽ മരണം ഒഴിവാക്കാൻ ‘ബക്ക് ഷോട്ട്’ (Buckshot) തിരകളാണ് ഉപയോഗിച്ചതെന്നും അല്ലൻ അവകാശപ്പെടുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി അവിടെയുള്ള മറ്റാരെയും വധിക്കാൻ താൻ തയ്യാറാണെന്നും, അത്തരത്തിൽ അവിടെയെത്തുന്നവർ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്നവരാണെന്നും ഇയാൾ മാനിഫെസ്റ്റോയിൽ കുറിച്ചിട്ടുണ്ട്.
സുരക്ഷാ വീഴ്ചകളെ പരിഹസിച്ചു
വാഷിംഗ്ടൺ ഹിൽട്ടണിലെ സുരക്ഷാ ക്രമീകരണങ്ങളെ അല്ലൻ രൂക്ഷമായി വിമർശിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെ പ്രതിഷേധക്കാരിലും പുതുതായി എത്തുന്നവരിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു ദിവസം മുമ്പ് ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യുന്ന ആളെക്കുറിച്ച് ആരും ചിന്തിച്ചില്ല. തോക്കുകളുമായി ഹോട്ടലിലേക്ക് നടന്നു കയറിയപ്പോൾ ആരും തന്നെ തടഞ്ഞില്ലെന്നും ഇയാൾ പരിഹസിച്ചു. വിരുന്നിനായി നിശ്ചയിച്ചിരുന്ന ബോൾറൂമിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇയാളെ തടയാനായതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ക്രിസ്ത്യൻ വിരുദ്ധ മാനിഫെസ്റ്റോയെന്ന് ട്രംപ്
പ്രതിയുടെ മാനിഫെസ്റ്റോ മതവിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. “ഇയാളുടെ മാനിഫെസ്റ്റോ വായിച്ചാൽ അയാൾ ക്രിസ്ത്യാനികളെ വെറുക്കുന്നുവെന്ന് മനസ്സിലാക്കാം,” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അതേസമയം, പീഡിപ്പിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളാത്തത് ക്രിസ്തീയ രീതിയല്ലെന്നും, അടിച്ചമർത്തുന്നവരുടെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നതിന് തുല്യമാണെന്നും അല്ലൻ മാനിഫെസ്റ്റോയിൽ കുറിച്ചിട്ടുണ്ട്.കണക്റ്റിക്കട്ടിലെ ന്യൂ ലണ്ടനിലുള്ള തന്റെ സഹോദരനാണ് മാനിഫെസ്റ്റോ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിച്ചത്. ആക്രമണത്തിന് തൊട്ടുമുമ്പ് തന്നെ ഈ വിവരം സുരക്ഷാ ഏജൻസികൾക്ക് കൈമാറിയിരുന്നു. മാതാപിതാക്കളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കുകൾ ഉപയോഗിച്ചാണ് ഇയാൾ ആക്രമണത്തിന് എത്തിയത്. ഇയാൾ സ്ഥിരമായി രാഷ്ട്രീയ അതിപ്രസരമുള്ള പ്രസ്താവനകൾ നടത്തിയിരുന്നതായി സഹോദരിയും വെളിപ്പെടുത്തിയിട്ടുണ്ട്.








