55 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് ഈ പ്രാവിശ്യം ഫോർട്ട് കൊച്ചിയിലെ വെളി മൈതാനിയിൽ തയ്യാറാക്കിയത്. രണ്ട് പപ്പാഞ്ഞിയെയാണ് ഇത്തവണ കത്തിച്ചത്.
എറണാകുളം: പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റ് ഫോര്‍ട്ട് കൊച്ചി. പതിനായിരങ്ങൾ പങ്കെടുത്ത ആഘോഷരാവിൽ ആടിയും പാടിയും പുത്തൻ പ്രതീക്ഷകളുമായാണ് 2025 നോട് ഗുഡ്ബൈ പറഞ്ഞ് 2026 ലേക്ക് പ്രവേശിച്ചത്.
ബുധനാഴ്‌ച വൈകുന്നേരത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍ പുലർച്ചെ 12 മണിക്ക് പാപ്പാഞ്ഞിയെ കത്തിച്ചതോടെയാണ് പൂര്‍ത്തിയായത്. പോയവർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്‍റെ പ്രതീകമായി ഉത്സവാന്തരീക്ഷത്തിൽ, ആർപ്പുവിളിക്കിടയിൽ പാപ്പാഞ്ഞികൾ അഗ്നിയിൽ എരിഞ്ഞടങ്ങി. പരേഡ് മൈതാനിയിലെ കാതടപ്പിക്കുന്ന ഡിജെയും കരിമരുന്ന് പ്രയോഗവും പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുകളും വഴിയോരങ്ങളിലെ അലങ്കാര വിളക്കുകളും നക്ഷത്രങ്ങളും വെളി മൈതാനിയിലെ ജ്വലിച്ചു നിന്ന മഴ മരവും ആഘോഷങ്ങളെ കൂടുതൽ വർണാഭമാക്കി.
50 അടിയിലേറെ ഉയരമുള്ള വർണാഭമായ കൂറ്റൻ പപ്പാഞ്ഞിയെയാണ് ഇത്തവണ കത്തിച്ചത്.
ഡിസംബര്‍ 30 ന് രാത്രിയോടെ തന്നെ ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ ക്രെയ്‌ന്‍ ഉപയോഗിച്ച് ഉയർത്തി പപ്പാഞ്ഞിയെ സ്ഥാപിച്ചിരുന്നു. പർപ്പിൾ, നീല, ചുവപ്പ് നിറങ്ങളിലുള്ള വെൽവെറ്റ് തുണികൾ ഉപയോഗിച്ചാണ് പപ്പാഞ്ഞിയുടെ വസ്ത്രം തയ്യാറാക്കിയത്.
ഗാലാഡി ഫോർട്ട് കൊച്ചിയെന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പാപ്പാഞ്ഞിയെ തയ്യറാക്കി വെളി മൈതാനിയിൽ വച്ച് കത്തിച്ചത്. ഇത്തവണ എല്ലാവരുടെയും സഹകരണം ലഭിച്ചെന്നും തങ്ങൾ ഇറ്റാലിയൻ മാതൃകയിലുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയതെന്നും ഗാലഡി ഫോർട്ട് കൊച്ചി അറിയിച്ചു. ഓരോ വർഷവും പപ്പാഞ്ഞിയുടെ ഉയരം വർധിപ്പിച്ച് 80 അടി ഉയരത്തിലേക്ക് പപ്പാഞ്ഞിയുടെ ഉയരമെത്തിയിരുന്നു. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ പരിഗണിച്ച് പാപ്പാഞ്ഞിയുടെ ഉയരം കുറയ്ക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
കാർണിവൽ കമ്മിറ്റി പരേഡ് മൈതാനിയിൽ ഒരുക്കിയ പാപ്പാഞ്ഞിയുടെ ഉയരം 50 അടിയായിരുന്നു. എന്നാൽ വെളി മൈതാനിയിൽ ഗാലാഡി ഫോർട്ട് കൊച്ചി തയ്യാറാക്കിയത് 55 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ്. ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷ പരിപാടികളിൽ ക്രമസമാധാനമുറപ്പാക്കാൻ ശക്തമായ പൊലീസ് സുരക്ഷയാണൊരുക്കിയത്. 28 ഇൻസ്പെക്‌ടർമാരും 13 ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടെ 1200 പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചു.
സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരങ്ങളില്‍ പാർക്കിങ് നിരോധിച്ചിരുന്നു. ബുധനാഴ്‌ച ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. റോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്‌ട പാർക്കിങ് മേഖലകളിൽ മാത്രമാണ് വാഹനങ്ങളുടെ പാർക്കിങ് അനുവദിച്ചത്.
വൈപ്പിൻ ഭാഗത്തു നിന്നും റോറോ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമാണ് കടത്തിവിട്ടത്. അതിനു ശേഷം ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങുന്നവർക്ക് മാത്രമേ റോറോ ജങ്കാർ സൗകര്യം ഉപയോഗിക്കാൻ അനുമതി നൽകിയത്. വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിയിൽ നിന്നും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ക്രമീകരിച്ചിരുന്നു. ബസുകൾ പുലർച്ചെ മൂന്നു വരെയാണ് സർവീസ് നടത്തിയത്. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാലുവരെയും പ്രവർത്തിച്ചു. കൂടാതെ കൊച്ചി ഫീഡർ ബസുകളുടെ സേവനവും ലഭ്യമായിരുന്നു.








