നിർമല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി;സിജെ റോയിയുടെ മരണം;ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

0
25

തിരുവനന്തപുരം: വ്യവസായി സിജെ റോയിയുടെ ദുരൂഹ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ഹൈക്കോടതിയിൽനിന്ന് വിരമിച്ച ഒരു ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ച് സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സത്യം പുറത്തുവരാൻ നിലവിലെ അന്വേഷണങ്ങൾക്കപ്പുറം ജുഡീഷ്യൽ തലത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ സിജെ റോയിയുടെ കുടുംബം ഉയർത്തിയിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്. റെയ്ഡ് നടപടികൾ പുരോഗമിക്കുന്നതിനിടെ പാലിക്കപ്പെടേണ്ട പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കത്തിൽ പരാമർശിക്കുന്നു. പരിശോധന നടക്കുന്ന സമയത്ത് ആരോപണവിധേയനായ വ്യക്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽനിന്ന് മാറി തൊട്ടടുത്ത മുറിയിൽ പോയി സ്വയം വെടിയുതിർത്ത് മരിച്ചു എന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു.

ഇത്തരമൊരു സംഭവം നടക്കുമ്പോൾ റെയ്ഡ് നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥ സംഘത്തിൽനിന്ന് മോശമായ പെരുമാറ്റം ഉണ്ടായതായി സിജെ റോയിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. കുടുംബം ഉന്നയിക്കുന്ന ഇത്തരം പരാതികളും ആരോപണങ്ങളും ഗൗരവമായിത്തന്നെ കാണണമെന്നും ഇവയെല്ലാം ജുഡീഷ്യൽ അന്വേഷണത്തിൻ്റെ പരിധിയിൽ വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ സംഭവം

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്നു സിജെ റോയ്. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സർക്കിളിന് സമീപം ഗ്രൂപ്പ് ഓഫിസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി മുറിയിലേക്ക് പോയ സമയത്താണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സ്വന്തം കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു.

ഡയറിക്കുറിപ്പിലെ വിവരങ്ങൾ

സിജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങൾ ലഭിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിൻ്റെ ഡയറിക്കുറിപ്പാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. ഡയറിയിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങളാണ് ഇതിലുള്ളത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് ഡയറിക്കുറിപ്പിലുണ്ട്. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പിൽ പറയുന്നു.

പണം നൽകാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടെയുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണെന്ന് ഡയറിയിൽ സൂചിപ്പിക്കുന്നുണ്ട്.

അന്വേഷണം പുരോഗമിക്കുന്നു

റോയിയുടെ കുടുംബത്തിൻ്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്കായി റോയിയുടെ ഫോണിൻ്റെ പാസ്‌വേഡ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ഓഫിസിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. റോയ് മരിക്കുന്ന സമയത്ത് ഓഫിസിൽ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കൂടാതെ, റോയ് ഓഫിസ് ചേംബറിലേക്ക് എത്തിയ സമയം സംബന്ധിച്ച മൊഴിയിൽ വ്യക്തത വരുത്താൻ കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡിയെ വീണ്ടും ചോദ്യം ചെയ്യും. കർണാടക സിഐഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.

കുടുംബത്തിൻ്റെ ആരോപണം

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെത്തുടർന്നാണ് സിജെ റോയ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് റോയ് ഓഫിസിലെത്തിയത്. പിന്നാലെ തൻ്റെ ക്യാബിനിലേക്ക് പോയ റോയ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് സഹപ്രവർത്തകർ പറയുന്നത്. താൻ ക്യാബിനിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി സമ്മതിച്ചില്ലെന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു. ആരെയും കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. പത്ത് മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു.

കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിലിരിക്കുന്ന നിലയിലായിരുന്നു റോയ്. പൾസ് ഇല്ലെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ മെഡിക്കൽ സ്റ്റാഫ് പറഞ്ഞത്. ഉടൻ തന്നെ ആംബുലൻസിൽ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിച്ചെന്നും ജോസഫ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ റോയിയുടെ നെഞ്ചിൻ്റെ താഴ്ഭാഗത്തുനിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6.35 മില്ലിമീറ്ററർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തിൽനിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here