ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ

0
73

സർക്കാർ ടൗൺഷിപ്പിൽ വിള്ളൽ വീണ ആദ്യഘട്ട വീടുകൾ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ സന്ദർശിച്ചു. രണ്ടു വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. സംഭവത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് ഊരാളുങ്കൽ അധികൃതർ പറഞ്ഞു. വീട് വാസയോഗ്യമാക്കാൻ വേണ്ടി ധാരാളം ടെസ്റ്റുകൾ നടത്താറുണ്ട്. അതിനിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് പിന്നീട് പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും ഊരാളുങ്കൽ അറിയിച്ചു.

മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്ത ആദ്യഘട്ട വീടുകൾ വിഷുവിന് മുൻപ് വാസയോഗ്യമാകും എന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനെ തുടർന്ന് പ്രതീക്ഷയിലായിരുന്നു ദുരന്തബാധിതർ. എന്നാൽ സമയമായിട്ടും വാസയോഗ്യമായില്ല എന്നു മാത്രമല്ല, മിക്ക വീടുകളുടെയും നിർമ്മാണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ഇതിനിടയിൽ ഒന്നാം സോണിലെ രണ്ടു വീടുകളിൽ വിള്ളലുമുണ്ടായി. ഇതോടൊപ്പം സർക്കാർ ദിനബത്ത മുടങ്ങിയതും ദുരന്തബാധിതരിൽ ആശങ്ക കൂട്ടുന്നു. രണ്ടാഴ്ച മുൻപ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ അധികൃതരെ അറിയിച്ചിരുന്നതാണന്നും ഉദ്ഘാടനത്തിന് മുമ്പുള്ള നിർമ്മാണവേഗത ഉദ്ഘാടനത്തിനുശേഷം ഉണ്ടായിരുന്നില്ല എന്ന് വീട്ടുടമ നൗഫൽ പറഞ്ഞു.

വീടിന് തകരാറുണ്ടോ എന്ന് പരിശോധിക്കനായി നിരവധി ടെസ്റ്റുകൾ നടത്തും. അതിലാണ് കുറവുകൾ കണ്ടെത്തുന്നത്. പിന്നീട് ഇത് പരിഹരിക്കുക ആണ് ചെയ്യുന്നതെന്നും വിള്ളലിൽ ആശങ്കപ്പെടാൻ ഇല്ലെന്നും വീട് സന്ദർശിച്ച ശേഷം ഊരാളുങ്കൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അരുൺ ബാബു വ്യക്തമാക്കുന്നു.
നിലവിൽ ഉണ്ടായിട്ടുള്ള വിള്ളൽ ഉടൻ പരിഹരിക്കുമെന്ന് ഊരാളുങ്കൽ അധികൃതർ അറിയിച്ചു. ടൗൺഷിപ്പിലെ 178 വീടുകൾക്ക് വേണ്ട കേന്ദ്രീകൃത സംവിധാനങ്ങളുടെ പണി പൂർത്തിയായി എന്നും ഇനി താമസം തുടങ്ങിയ ശേഷമാണ് തുടർ പ്രവർത്തനങ്ങൾ എന്നും അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here