ചര്‍മം എന്നെന്നും മിന്നി തിളങ്ങും; രാവിലെ ഈ പാനീയങ്ങൾ കുടിക്കൂ

0
33

തിളങ്ങിന്ന ചർമം നിലനിർത്താൻ സാധ്യമായ എന്തും പരീക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും. ചെറുപ്പക്കാരും പ്രായമായവരും തുടങ്ങീ പ്രയാഭേദമന്യേ എല്ലാവരും ചർമത്തിന്‍റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാകാറില്ല. എന്നാൽ ഇതിനായി കൃത്രിമ മാർഗങ്ങളാണ് പലരും കൂടുതലായി പരീക്ഷിക്കാറുള്ളത്. ഇത് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കും. അതിനാൽ ഇത്തരം മാർഗങ്ങൾക്ക് പകരം പ്രകൃതിദത്ത വഴികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ചര്‍മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കഴിക്കുന്ന ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്കുണ്ട്. ദിവസേന രാവിലെ ചില പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കും. അത്തരത്തിൽ ചർമത്തിന്‍റെ തിളക്കം നിലനിർത്താൻ സഹായിക്കുന്ന 5 പാനീയങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

നാരങ്ങ ജ്യൂസ്
നാരങ്ങയും തേനും ചേർത്ത പാനീയം ചർമ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസ് വളർച്ച തടയാൻ സഹായിക്കും. വിറ്റാമിൻ സിയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ പുനരുജ്ജീവിപ്പിക്കുകയും കോശ വളർച്ച പിന്തുണയ്ക്കുകയും ചെയ്യും. തേനിലെ ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ ചർമത്തിലെ എണ്ണമയം ഇല്ലാതാക്കാനും മുഖക്കുരു തടയാനും സഹായിക്കും. ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ പകുതി നാരങ്ങയുടെ നീരും ഒരു ടീസ്‌പൂൺ തേനും ചേർത്ത് കുടിക്കാം.

കറ്റാർവാഴ ജ്യൂസ്
ചർമത്തിന്‍റെ സ്വാഭാവിക തിളക്കം നിലനിർത്താൻ വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത പാനീയമാണ് കറ്റാർവാഴ ജ്യൂസ്. വിറ്റാമിനുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമായതിനാൽ ചർമത്തെ സുഖപ്പെടുത്താനും ആരോഗ്യത്തോടെ സംരക്ഷിക്കാനും ഇത് സഹായിക്കും. വിറ്റാമിൻ ബി, ഇ, സി, കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിൽ ജലാംശം നിലനിർത്താനും ഇലാസ്‌തിക മെച്ചപ്പെടുത്താനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

തക്കാളി ജ്യുസ്
തക്കാളി ജ്യൂസിൽ ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ പാടുകൾ ഇല്ലാതാക്കാനും മുഖക്കുരു പരിഹരിക്കാനും ചർമത്തിലെ മങ്ങൽ അകറ്റി തിളക്കമുള്ളതാക്കാനും സഹായിക്കും. അധിക എണ്ണമയം കുറയ്ക്കാനും ഇത് ഗുണം ചെയ്യും. മുഖക്കുരു സാധ്യതയുള്ള ചർമമുള്ളവർക്കും അനുയോജ്യമാണ് ഈ പാനീയം.

മാതളം ജ്യൂസ്
വിറ്റാമിൻ സിയാൽ സമ്പുഷ്‌ടമാണ് മാതളം ജ്യൂസ്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കേടായ ചർമകോശങ്ങളെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. ആന്‍റി ഓക്‌സിഡന്‍റ്സ് ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ചർമത്തിലെ ചുളിവുകൾ, നേർത്ത വരകൾ എന്നിവ കുറയ്ക്കാനും ഇത് ഗുണം ചെയ്യും. ചർമത്തിന്‍റെ യുവത്വം, തിളക്കം എന്നിവ നിലനിർത്താനും ഇത് സഹായിക്കും.

ബീറ്റ്‌റൂട്ട് ജ്യൂസ്
ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ സി തുങ്ങിയവയുടെ സമ്പന്ന സ്രോതസാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുന്നത് വഴി ചർമത്തിന്‍റെ തിളക്കം, നിറം എന്നിവ വർധിപ്പിക്കാൻ ഇത് സഹായിക്കും. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കവും ചുവപ്പും കുറയ്ക്കാൻ ഗുണം ചെയ്യും. ചർമത്തെ മൃദുവാക്കാനും ചർമത്തിലെ നേർത്ത വരകൾ, ചുളിവുകൾ എന്നിവ കുറയ്ക്കുന്നത് വഴി വാർധക്യ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും ബീറ്റ്‌റൂട്ട് ജ്യൂസ് ഫലപ്രദമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here