യുവതലമുറ ഒരു ഫാഷനാക്കി മാറ്റിയിരിക്കുകയാണ് പച്ച കുത്തൽ അഥവാ ടാറ്റൂ. കാലുകൾ, കൈകൾ, വയറ്, നെഞ്ച്, കഴുത്ത് തുടങ്ങി ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ടാറ്റൂ അടിക്കുന്നത് ഇന്നൊരു ട്രെൻഡാണ്. പാശ്ചാത്ത്യ രാജ്യങ്ങളെ അനുകരിച്ച് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി രാജ്യത്തെ യുവാക്കൾ കണ്ണുകളിൽ വരെ ടാറ്റൂ അടിക്കുന്ന തിരക്കിലാണ്.
എന്നാല്‍, ഇതിന് പിന്നില്‍ വലിയ അപകടങ്ങളാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലതരം കോസ്മെറ്റിക് ടാറ്റൂകൾ അപകടകരമാണെന്നും വലിയ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നുമാണ് മുന്നറിയിപ്പ്. കണ്ണിനുള്ളിലെ വെളുത്ത ഭാഗത്ത് (ഐബോൾ) ആണ് നാനോ സിറിഞ്ച് വഴി മഷി അഥവാ ഇങ്ക് നേരിട്ട് കുത്തിവച്ച് ടാറ്റൂ ചെയ്യുന്നത്. ഇത്തരം ടാറ്റൂകള്‍ അടിക്കുന്നത് വഴി കാഴ്‌ച നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് നേത്രരോഗവിദഗ്‌ധർ പറയുന്നു.
ഐബോൾ ടാറ്റൂകൾ കണ്ണിനുള്ളിൽ അണുബാധയുണ്ടാക്കാൻ കാരണമാകും. എൻഡോഫ്‌താൽമൈറ്റിസ്, കൺജക്‌റ്റിവിറ്റിസ് പോലുള്ള അണുബാധകൾക്ക് ഇവ കാരണമാകും. ടാറ്റൂകളിൽ ഉപയോഗിക്കുന്ന മഷി റെറ്റിനയിലും വിട്രിയസിലും പ്രവേശിച്ച് കാഴ്‌ച പൂർണമായും നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ട്. കണ്ണിനുള്ളിൽ ടാറ്റൂകൾ ചെയ്യുന്നത് വഴി കോർണിയൽ എഡീമ (കണ്ണ് വീക്കം), ഗ്ലോക്കോമ, റെറ്റിന ഡിറ്റാച്ച്മെൻ്റ്, ഗ്രാനുലോമ, അലർജി തുടങ്ങിയ ഗുരുതരമായ നേത്ര പ്രശ്‌നങ്ങൾ ഉണ്ടായേക്കുമെന്ന് ഒഫ്‌താൽമോളജിസ്റ്റായ ഡോ. രാജലിംഗം പറഞ്ഞു.
കണ്ണിൽ ടാറ്റൂകൾ ചെയ്യുന്നത് പോലെ തന്നെ അപകടകരമാണ് കണ്ണിനുള്ളിലെ ടാറ്റു നീക്കം ചെയ്യുന്നതും. ഈ സങ്കീർണമായ പ്രക്രിയ ജനറൽ ഡെർമറ്റോളജിസ്റ്റുകൾക്ക് ചെയ്യാൻ അനുവാദമില്ല. അതിനാൽ, കോർണിയ, റെറ്റിന, ഒഫ്‌താൽമോളജി സ്പെഷ്യലിസ്റ്റുകളാകണം ഇവ ചെയ്യേണ്ടത്. ഈ ചികിത്സകൾ എല്ലാ ആശുപത്രികളിലും ലഭ്യമാകില്ല. മൾട്ടിസ്‌പെഷ്യലിറ്റി ആശുപത്രികളിൽ മാത്രം ലഭ്യമാകുന്ന ടാറ്റൂ റിമൂവൽ ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപ ചെലവാകും.
എന്നാൽ ടാറ്റൂ പൂർണമായും കണ്ണിനുള്ളിൽ നിന്ന് നീക്കം ചെയ്യാനുമാകില്ല. മുൻകരുതലുകൾ എടുക്കാതെ ശരീരത്തിൽ ടാറ്റൂകൾ ചെയ്യുന്നത് വലിയ അപകടം സൃഷ്‌ടിക്കും. അവ വിവിധ ചർമ്മരോഗങ്ങൾക് വരെ കാരണമാകും. പല തവണ ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഐബോളിൽ ടാറ്റൂ ചെയ്യുന്നത് വളരെ അപകടകരമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. കണ്ണിൽ ടാറ്റൂ ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല. ഇതിൽ ഉപയോഗിക്കുന്ന മഷികൾ ക്രമേണ നിങ്ങളുടെ കാഴ്‌ചശക്തിയെ നശിപ്പിക്കും. ഒരു സാഹചര്യത്തിലും കണ്ണിനുള്ളിൽ ടാറ്റൂകൾ ചെയ്യരുത്,” ഡോ. രാജലിംഗം യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി.






