അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനാചരണത്തിന്റെ തുടക്കം 1987 ഒക്ടോബർ 17നാണ്. ദാരിദ്രം, അക്രമം, പട്ടിണി എന്നിവയാൽ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ മഹത്ത്വപ്പെടുത്തുന്നതിലേക്കായി അന്നേദിവസം ലക്ഷത്തിൽപ്പരം ജനങ്ങൾ പാരിസ് പട്ടണത്തിൽ ഒത്തുകൂടി. തുടർന്നുള്ള വർഷങ്ങളിൽ ഈ ദിനം, ദാരിദ്രനിർമാർജ്ജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്.
ലോകമെമ്പാടും സാമ്പത്തിക വളർച്ചയും സാങ്കേതികവിദ്യയും ധനസ്രോതസ്സുകളും വർധിച്ചിട്ടും ലക്ഷക്കണക്കിന് ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുന്നു എന്നത് ധാർമ്മികമായി തെറ്റാണ്. ദാരിദ്ര്യം ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല. വരുമാനത്തിന്റെ കുറവ്, അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന കഴിവുകളുടെ അഭാവം എന്നിവ ഉൾക്കൊള്ളുന്ന ഒരു സങ്കീർണ പ്രശ്നമാണ്. ബാങ്കിന്റെ കണക്കുകൾ പ്രകാരം ലോകത്താകെ 700 ദശലക്ഷം പേർ അതിദാരിദ്ര്യത്തിൽ കഴിയുന്നു. സുരക്ഷിതമല്ലാത്ത പാർപ്പിടം, പോഷകാഹാരക്കുറവ്, നീതി ലഭിക്കുന്നതിലെ അസമത്വം, രാഷ്ട്രീയപരമായ അധികാരമില്ലായ്മ, ആരോഗ്യ സംരക്ഷണം ലഭിക്കുന്നതിലെ പരിമിതികൾ തുടങ്ങി പലതരം ദുരിതങ്ങൾ ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് അനുഭവിക്കേണ്ടി വരുന്നു. ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആളുകൾക്ക് എതിരായിരിക്കും പലപ്പോഴും സമൂഹം. പല പ്രതികൂല സമീപനങ്ങളെയും അവർക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരും. അവർ അപമാനിക്കപ്പെടുന്നു, ഇല്ലായ്മകളുടെ പേരിൽ സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നു, വേചനം നേരിടുന്നു.
ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാർച്ച് 31ലെ നമ്പർ – 47 /196 തീരുമാനം അനുസരിച്ച് ഒക്ടോബർ 17 അന്തർരാഷ്ട്ര ദാരിദ്രനിർമാർജ്ജന ദിനമായി പ്രഖ്യാപിച്ചു. കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയെ തുടർന്ന് , 1997 മുതൽ 2006 വരെ, ആദ്യത്തെ ദാരിദ്രനിർമാർജ്ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറിൽ തീരുമാനിച്ചു.
കുടുംബങ്ങൾക്ക് ബഹുമാനവും ഫലപ്രദമായ പിന്തുണയും ഉറപ്പാക്കിക്കൊണ്ട് സാമൂഹികവും സ്ഥാപനപരവുമായ പീഡനം അവസാനിപ്പിക്കുക എന്നതാണ് 2025 ലെ അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനത്തിന്റെ പ്രമേയം.








