ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളിൽ കണ്ടുവരുന്ന ഗർഭാശയ ഗള അർബുദം തടയുന്നതിനായി ഒൻപത് മുതൽ 14 വയസ്സുവരെയുള്ളവർക്ക് എച്ച്പിവി വാക്‌സിൻ നൽകാനുള്ള വിപുലമായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധ മൂലമുണ്ടാകുന്ന അർബുദസാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി ഉടൻ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുക. തുടർന്ന് ഇത് ഒൻപത് വയസ്സുള്ള കുട്ടികൾക്കായുള്ള സാധാരണ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉൾപ്പെടുത്തും.രാജ്യത്തുടനീളം ഏകദേശം എട്ട് കോടി പെൺകുട്ടികൾ ഈ വാക്‌സിനേഷന് അർഹരാണെന്നാണ് കണക്കാക്കുന്നത്. മൂന്ന് വർഷങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ വർഷം ഏകദേശം 2.6 കോടി കുട്ടികൾക്ക് വാക്‌സിൻ നൽകും.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം, രണ്ട് ഡോസുകൾക്ക് പകരം ഒറ്റ ഡോസ് നൽകാനാണ് സർക്കാർ തീരുമാനം. ഒറ്റ ഡോസ് വാക്‌സിനും അർബുദ പ്രതിരോധത്തിന് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.സ്‌കൂളുകൾ വഴിയും സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയുമാണ് കുത്തിവെപ്പ് നടത്തുക.
എച്ച്പിവി വാക്‌സിൻ എന്ത് ?
ഇന്ത്യയിലെ സ്ത്രീകളിൽ കാണപ്പെടുന്ന രണ്ടാമത്തെ പ്രധാന അർബുദമാണ് ഗർഭാശയ ഗള അർബുദം. രാജ്യത്ത് പ്രതിവർഷം 1.25 ലക്ഷം പേർക്ക് ഈ രോഗം ബാധിക്കുകയും 75,000 പേർ മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഏകദേശം 85 ശതമാനം ഗർഭാശയ ഗള അർബുദങ്ങൾക്കും കാരണം തുടർച്ചയായ എച്ച്പിവി വൈറസ് ബാധയാണ്.
കൗമാരപ്രായത്തിൽ തന്നെ വാക്‌സിൻ നൽകുന്നത് 30 വയസ്സാകുമ്പോഴേക്കും രോഗസാധ്യത 85 ശതമാനത്തിലധികം കുറയ്ക്കാൻ സഹായിക്കുമെന്ന് സ്വീഡനിലും ഇംഗ്ലണ്ടിലും നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു.2024-ലെ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പെൺകുട്ടികൾക്കിടയിൽ എച്ച്പിവി വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വിപുലമായ രീതിയിൽ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
മുമ്പ് വാക്‌സിൻ ക്ഷാമം നേരിട്ടിരുന്ന സാഹചര്യത്തിൽ രണ്ട് ഡോസുകൾക്കിടയിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ ഇടവേള നൽകാൻ വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിലെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റ ഡോസ് പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം.








