പലപ്പോഴും വീടോ മറ്റ് കെട്ടിടമോ പണിത് കഴിഞ്ഞാല്‍ നമുക്ക് വൈദ്യുതി കണക്ഷൻ എടുക്കേണ്ടതായി വരും. കണക്ഷൻ എടുക്കുന്നത് സംബന്ധിച്ച് പലർക്കും പല ധാരണയാണ്. സംശയങ്ങളും നിരവധി. വൈദ്യുതി കണക്ഷൻ എടുക്കല്‍ ഒരു ബാലി കേറാ മലയാണെന്ന് കരുതുന്നവരും കുറവല്ല.
ഗാർഹിക ആവശ്യത്തിനും വ്യാവസായിക ആവശ്യത്തിനും പുതിയ കണക്ഷൻ എടുക്കുന്നതിന് വ്യത്യസ്‌ത നടപടി ക്രമങ്ങളാണ്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ആശങ്കയും പലതുണ്ട്. ഏത് രേഖ സമർപ്പിക്കണം? എങ്ങനെ സമർപ്പിക്കണം? ആർക്ക്, എപ്പോള്‍ സമർപ്പിക്കണം? എന്നൊക്കെ ആലോചിച്ച് തലപുകയ്‌ക്കുന്നവരാണ് പലരും
കറന്‍റ് കിട്ടാൻ ഏതൊക്കെ രേഖ വേണം?
വൈദ്യുതി കണക്ഷൻ ലഭിക്കാൻ അപേക്ഷക്ക് പുറമെ സമർപ്പിക്കേണ്ട രേഖകള്‍ എത്രയെന്നും അവ ഏതെന്നും അറിയാമോ? 2018 നവംബർ രണ്ടിന് കെഎസ്‌ഇബി ലിമിറ്റഡ് പുറത്തിറങ്ങിയ സുപ്രധാന ഉത്തരവ് പ്രകാരം പുതിയ വൈദ്യുതി കണക്ഷന് രണ്ടേ രണ്ട് രേഖകള്‍ മാത്രമാണ് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്. കണക്ഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ലഘൂകരിക്കുകയായിരുന്നു ഉത്തരവിലൂടെ കെഎസ്‌ഇബി ലക്ഷ്യം വച്ചത്.
ഏതാണാ രേഖകള്‍ എന്നല്ലേ? അപേക്ഷിക്കുന്ന ആളിന്‍റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷൻ വേണ്ട സ്ഥലത്ത് അപേക്ഷകന് നിയമപരമായ അവകാശം തെളിയിക്കുന്ന രേഖയുമാണ് വേണ്ടത്. വോട്ടർ ഐടി കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, സർക്കാർ-ഏജൻസി-പബ്ലിക് സെക്‌ടർ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ പതിച്ച കാർഡ്, വില്ലേജ്-മുനിസിപ്പാലിറ്റി-കോർപറേഷൻ എന്നിവിടങ്ങളില്‍ നിന്നുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ സർട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
കെട്ടിടത്തിന്‍റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്‍റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ഗസറ്റഡ് ഓഫിസറോ കെഎസ്‌ഇബിഎല്‍ ഓഫിസറോ സാക്ഷ്യപ്പെടുത്തിയ ആധാരത്തിന്‍റെ പകർപ്പ്, കരമടച്ച രസീതിന്‍റെ കോപ്പി എന്നിവ അപേക്ഷന് സ്ഥലത്തിൻമേലുള്ള അവകാശം തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം. ഇനി വാടകയ്‌ക്കാണ് താമസമെങ്കില്‍ മേല്‍പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റി, കോർപറേഷൻ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന താമസക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കാം.
ചെറിയ വീടുകള്‍ക്ക് ഈ രേഖകള്‍ വേണ്ട
ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ എടുക്കാൻ ഇപ്പോള്‍ വളരെ എളുപ്പമാണ്. അതിനായി ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല. കെഎസ്‌ഇബി തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. 100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ വിസ്‌തീർണമുള്ള വീടുകള്‍ക്ക് വൈദ്യുതി ലഭിക്കാനാണ് ഇത് ബാധകം. കെഎസ്‌ഇബി പങ്കിട്ട ഫേസ്‌ബുക്ക് പോസ്റ്റിലാണ് വിഷയം വ്യക്തമാക്കിയിരിക്കുന്നത്.
100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്‌തീർണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.
താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും
- കെട്ടിടത്തിന്‍റെ ആകെ തറ വിസ്തീർണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.
- കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
- വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല.
- നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.







