വ്യാപാര കരാറിലെ തടസങ്ങള്‍ പരിഹരിക്കാനായി ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തന്‍റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ പ്രയാസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്ത് രാജ്യങ്ങളാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വേഗത്തില്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തും. പ്രസിഡന്‍റ് ട്രംപുമായി സംസാരിക്കാന്‍ താനും ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും സമൃദ്ധമായ ഭാവി ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റവും മോശം ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇരു നേതാക്കളുടെയും സോഷ്യല്‍ മീഡിയ പോസ്റ്റ്. അതേസമയം റഷ്യയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യക്കും ചൈനയ്‌ക്ക് മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ഡൊണാള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.
വാഷിങ്‌ടണില്‍ ചേര്‍ന്ന മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരുടെയും യൂറോപ്യന്‍ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ട്രംപ് 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം ഉന്നയിച്ചത്. യൂറോപ്യന്‍ യൂണിയന്‍റെ കൂടി സമ്മതം ലഭിച്ചാല്‍ മാത്രമെ ഈ തീരുവ ഏര്‍പ്പെടുത്തുകയുള്ളൂ. റഷ്യയെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി സഹകരിപ്പിക്കുകയെന്നതാണ് ട്രംപിന്‍റെ ആവശ്യം. ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്‌പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ നിലവിലുണ്ട്.
ഇതുകൂടാതെ റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങുന്നതിന് പിഴയായി പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്‌തിരുന്നു.






