റഷ്യന്‍ കാന്‍സര്‍ വാക്‌സിന്‍: ‘ഫലപ്രാപ്‌തി അവകാശപ്പെടാന്‍ സമയമായിട്ടില്ല’- ഇന്ത്യയില്‍ സമ്മിശ്ര പ്രതികരണം

0
39

ന്യൂഡല്‍ഹി: 100 ശതമാനം ഫലപ്രാപ്‌തിയുള്ള mRNA അധിഷ്ഠിത കാൻസർ വാക്‌സിൻ എൻ്റോറോമിക്‌സ് വികസിപ്പിച്ചതായി റഷ്യ അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ഇതിനിടെ റഷ്യയുടെ ഈ അവകാശവാദത്തിന് ഇന്ത്യയിലെ ഓങ്കോളജിസ്റ്റുകള്‍ക്കിടെയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഏകദേശം 48 ആളുകളിൽ മാത്രമാണ് പരീക്ഷണം നടത്തിയത്. ഇക്കാരണത്താല്‍ തന്നെ അതിന്‍റെ ഫലപ്രാപ്‌തി അവകാശപ്പെടാന്‍ സമയമായിട്ടില്ലെന്നുമാണ് ഇന്ത്യയിലെ പ്രശസ്‌ത ഓങ്കോളജിസ്റ്റുകൾ പറയുന്നത്. “ഇതു യഥാർഥത്തിൽ ഒരു വഴിത്തിരിവാണ്. എന്നിരുന്നാലും, സാമ്പിൾ വലുപ്പം വളരെ ചെറുതാണ്. അതിനാല്‍ തന്നെ അതിന്‍റെ ഫലപ്രാപ്‌തി അവകാശപ്പെടാനായിട്ടില്ല”- കൊൽക്കത്തയിലെ ഡോ. സരോജ് ഗുപ്‌ത കാൻസർ സെന്‍റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശസ്‌ത ഓങ്കോളജിസ്റ്റ് ഡോ. നിഹന്തി ശ്രീനാഥ് ഇടിവി ഭാരതിനോട് പറഞ്ഞു.

റഷ്യയുടെ ട്രയൽ പരീക്ഷണം വളരെ ചുരുങ്ങിയ ആളുകളില്‍ ഒതുങ്ങി പോയെന്നാണ് ഡോ. ശ്രീനാഥിൻ്റെ അഭിപ്രായം. “ചെറിയ സാമ്പിള്‍ ആണെങ്കിലും നല്ല ഫലങ്ങൾ നൽകുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ നമുക്ക് കൂടുതൽ സാമ്പിൾ വലുപ്പവും പരീക്ഷണവും ആവശ്യമാണ്.എത്തി നില്‍ക്കുന്നത് വലിയ പുരോഗതിയില്‍ തന്നെയാണ്. അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഞങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമാണ്. ലോകം മുഴുവൻ വിതരണം ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കില്‍, നിങ്ങൾക്ക് 48 എന്നത് ഒരു സംഖ്യയല്ല”. ഡോ. ശ്രീനാഥ് പറഞ്ഞു. നേരത്തെ സമാനമായൊരു പ്രക്രിയ യുകെയിലും നടന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയി എയിംസിലെ മറ്റൊരു പ്രശസ്‌ത ഓങ്കോളജിസ്റ്റും ഈ വിഷയത്തില്‍ പ്രതികരിച്ചു. അതുപോലെ വാക്‌സിൻ്റെ പരീക്ഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ‘ഡാറ്റ റിവ്യൂഡ് ജേണലുകളിൽ’ പ്രസിദ്ധീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഒരു പരീക്ഷണത്തിൻ്റെ ഫലം പിയർ റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമാണ് ബാക്കിയുള്ളവര്‍ക്കും അത് പരിശോധിക്കാന്‍ കഴിയുകയുള്ളു. അതുപോലെ പഴുതുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്താനാകൂ”- ഡൽഹിയിലെ ഓങ്കോളജിസ്റ്റ് പറഞ്ഞു.

ഫലപ്രാപ്‌തിയുമായി ബന്ധപ്പെട്ടുള്ള സൂക്ഷ്‌മ നിരീക്ഷണങ്ങള്‍ നടത്തി വരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആരോഗ്യ വകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേര്‍ന്നാണ് നിരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ പുതിയ കാൻസർ വാക്‌സിന്‍ എൻ്റോറോമിക്‌സ്

റഷ്യയുടെ പുതിയ കാൻസർ വാക്‌സിനായ എൻ്റോറോമിക്‌സ് മനുഷ്യരിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങളിൽ 100 ​​ശതമാനം ഫലപ്രാപ്‌തിയും സുരക്ഷയും തെളിയിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്‌ചയാണ് പ്രഖ്യാപനം വന്നത്. 48 വളണ്ടിയർമാരാണ് പരീക്ഷണങ്ങളിൽ പങ്കെടുത്തത്. ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ച് റഷ്യയുടെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെൻ്ററാണ് വാക്‌സിന്‍ വികസിപ്പിച്ചത്. റഷ്യൻ ആരോഗ്യ വകുപ്പിൽ നിന്നുള്ള ഒരു പ്രസതാവനയിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

വാക്‌സിനുമായി ബന്ധപ്പെട്ട് റഷ്യ പുറത്തിറക്കിയ പ്രസ്‌താവന

“റഷ്യൻ ഫെഡറേഷൻ്റെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെൻ്റര്‍ ഒരേസമയം രണ്ട് മേഖലകളിൽ വിപുലമായ ശാസ്ത്രീയ പ്രവർത്തനങ്ങൾ നടത്തുന്നു. ആദ്യത്തേത് എൻ‌എം‌ആർ‌സിയിൽ സൃഷ്‌ടിച്ച ഓങ്കോളിറ്റിക് വാക്‌സിന്‍ എൻ്റോറോമിക്‌സ് ആണ്. മാരകമായ കോശങ്ങളെ നശിപ്പിക്കാനും രോഗിയുടെ ആൻ്റിട്യൂമർ പ്രതിരോധശേഷി ഒരേസമയം സജീവമാക്കാനും കഴിവുള്ള നാല് രോഗകാരികളല്ലാത്ത വൈറസുകളുടെ സംയോജനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മരുന്ന്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മരുന്നിൻ്റെ ഫലപ്രാപ്‌തിയും സുരക്ഷയും സ്ഥിരീകരിക്കുന്ന പ്രീക്ലിനിക്കൽ പഠനങ്ങളുടെ ഒരു പൂർണ്ണരൂപം തയ്യാറായി. ട്യൂമർ വളർച്ച മന്ദഗതിയിലാക്കുന്നത് മുതൽ അതിൻ്റെ പൂർണ്ണമായ നാശം വരെ ആന്‍റി -ട്യൂമർ വാക്‌സിനിലൂടെ സാധ്യമാകും”- റഷ്യൻ ആരോഗ്യ വകുപ്പിൻ്റെ പ്രസ്‌താവന.

പ്രസ്‌താവന പ്രകാരം, രണ്ടാമത്തെ എംആർഎൻഎ വാക്‌സിനുകള്‍ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് വികസിപ്പിച്ചിട്ടുള്ളത്. “ഓരോ രോഗിയുടെയും ട്യൂമറിൻ്റെ ജനിതക വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത സമീപനത്തില്‍ ചികിത്സിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിൻ്റെ വികസനം. കാൻസർ കോശങ്ങളെ തിരിച്ചറിയാനും രോഗപ്രതിരോധ സംവിധാനത്തെ ഉണര്‍ത്താനും കഴിവുള്ള ഒരു വാകസിനാണിത്”- പ്രസ്‌താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here