വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് 33,000 പേർക്ക് സ്ഥിരതാമസത്തിന് (Permanent Residence) അവസരം നൽകുന്ന പുതിയ പദ്ധതി കാനഡ പ്രഖ്യാപിച്ചു. കാനഡ ഇമിഗ്രേഷൻ വകുപ്പ് മാർച്ച് 10-നാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ കാനഡയിലുള്ള താൽക്കാലിക താമസക്കാരുടെ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘വൺ ടൈം’ പദ്ധതി നടപ്പിലാക്കുന്നത്. സിഐസി ന്യൂസ് (CIC News) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നവംബറിലെ ഫെഡറൽ ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതിയാണിത്.കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെഗ് ഡയബ് പദ്ധതിയുടെ ഔദ്യോഗിക തുടക്കം സ്ഥിരീകരിച്ചു. അപേക്ഷാ നടപടികളെക്കുറിച്ചും യോഗ്യതയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ 2026 ഏപ്രിലിൽ പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചു.
രാജ്യത്തെ തൊഴിൽ മേഖല സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ, പ്രത്യേക നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കുമെന്നാണ് സൂചന.
തൊഴിലാളികൾക്ക് ആശ്വാസം
നിലവിൽ വർക്ക് പെർമിറ്റിലും സ്റ്റഡി പെർമിറ്റിലും കാനഡയിൽ കഴിയുന്നവർക്ക് തങ്ങളുടെ പദവി സ്ഥിരമാക്കാൻ ഈ പുതിയ പാത വലിയ സഹായമാകും. കാലാവധി കഴിയാറായ പെർമിറ്റുകളുള്ളവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
“ഞങ്ങൾ ഇപ്പോൾ നടപടികൾ ആരംഭിച്ചു കഴിഞ്ഞു, വരും ആഴ്ചകളിൽ അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സർക്കാർ പുറത്തുവിടും,” മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഭാഷാ പരീക്ഷാ ഫലങ്ങളും (Language tests) വിദ്യാഭ്യാസ രേഖകളും മുൻകൂട്ടി തയ്യാറാക്കി വെക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
നയങ്ങളിൽ മാറ്റം വരുത്തി കാനഡ
2024 ജനുവരി മുതൽ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കർശന നടപടികൾ കാനഡ സ്വീകരിച്ചു വരികയാണ്. 2027 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 5 ശതമാനത്തിൽ താഴെയാക്കുക എന്നതാണ് കാനഡയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി സ്റ്റഡി പെർമിറ്റുകൾക്കും വർക്ക് പെർമിറ്റുകൾക്കും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2025-ൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ പ്രവേശനത്തിൽ 47 ശതമാനവും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ 60 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
ജനസംഖ്യാ വളർച്ചയിൽ രേഖപ്പെടുത്തിയ ഈ കുറവ് രാജ്യത്തിന്റെ പുതിയ ഇമിഗ്രേഷൻ നയത്തിന്റെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു. നൈപുണ്യമുള്ള തൊഴിലാളികളെ നിലനിർത്തുന്നതിനൊപ്പം താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുക എന്ന സന്തുലിതമായ നിലപാടാണ് ഇമിഗ്രേഷൻ വകുപ്പ് സ്വീകരിക്കുന്നത്. പതിനായിരക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ഈ വൺ ടൈം മെഷർ സ്ഥിരതാമസത്തിനുള്ള സുരക്ഷിതമായ വഴി തുറന്നു നൽകുമെന്ന് ഉറപ്പാണ്.





