പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയാണെങ്കില്‍ ആഗോള തലത്തില്‍ത്തന്നെ ഭക്ഷ്യ വിലക്കയറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ജീവിതച്ചെലവ് വന്‍തോതില്‍ ഉയര്‍ന്നേക്കാമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനമായ അണ്‍ക്‌ടാഡ് (UNCTAD) ചൊവ്വാഴ്‌ച (മാർച്ച് 10) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകത്തിലെ തന്നെ തന്ത്ര പ്രധാനമായ സമുദ്ര പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ സഞ്ചാരം ഇറാന്‍ ഇസ്രയേല്‍ യുഎസ് യുദ്ധത്തെത്തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. ആഗോള തലത്തില്‍ത്തന്നെ എല്‍എന്‍ജി, വളം, എണ്ണ ഉത്‌പ്പന്നങ്ങളുടെ നാലിലൊന്ന് കടന്നു പോകുന്നത് ഹോര്‍മുസ് വഴിയാണ്. യുദ്ധത്തിന്‍റെ പ്രത്യാഘാതം പശ്ചിമേഷ്യയില്‍ മാത്രമൊതുങ്ങില്ല എന്നതാണ് വാസ്‌തവം. സംഘര്‍ഷ മേഖലയ്ക്ക് പുറത്ത് ഊര്‍ജ്ജ വിപണിയിലും കപ്പല്‍ നീക്കത്തേയും ചരക്ക് നീക്കത്തേയും അതുവഴി വിരണ ശൃംഖലയിലും ഇത് വലിയ ആഘാതമുണ്ടാക്കും.
ഇത് ഇന്ധന- ഊര്‍ജ്ജ വിലകളും വളം വിലയും ഉയരുന്നതിനും ഗതാഗത ചെലവുകള്‍ കൂടുന്നതിനും ഇടയാക്കും. ഇന്‍ഷൂറന്‍സ് പ്രീമിയവും ഉയരാനിടയുണ്ട്. താഴേക്കിടയിലുള്ള ജനങ്ങളുടെ ജീവിതച്ചെലവ് ഉയരുന്നതിനും ഇത് വഴി വെച്ചേക്കും. അണ്‍ക്‌ടാഡ് റിപ്പോര്‍ട്ട് ശരി വച്ച ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറാസിന്‍റെ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക്ക് ഇത് ലോകത്താകമാനം വാണിജ്യത്തിലും വികസനത്തിലും കാര്യമായ അപകടമുണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു. സംഘര്‍ഷം എത്ര കാലം ദീര്‍ഘിക്കുമെന്നതിനെ ആശ്രയിച്ച് പ്രത്യാഘാതത്തിന്‍റെ വ്യാപ്‌തി ഏറിയും കുറഞ്ഞുമിരിക്കും.
ഈ സാഹചര്യത്തില്‍ മേഖലയിലെ സംഭവ വികാസങ്ങള്‍ നിരന്തരം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അണ്‍ക്‌ടാഡ് റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം 20 ദശലക്ഷം ബാരല്‍ എണ്ണയാണ് 2024 ല്‍ ഹോര്‍മുസ് വഴി കടന്നു പോയത്. അതില്‍ 14 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും ആറ് ദശലക്ഷം ബാരല്‍ പെട്രോളിയം ഉത്‌പ്പന്നങ്ങളുമാണെന്നാണ് കണക്ക്. സംഘര്‍ഷം തുടങ്ങുന്നതിന് ഒരാഴ്‌ച മുമ്പത്തെ കണക്കനുസരിച്ച് ലോകത്തെ ക്രൂഡ് ഓയില്‍ ലോഡിന്‍റെ 38 ശതമാനവും എല്‍പിജിയുടെ 29 ശതമാനവും എല്‍ എന്‍ജിയുടെ 19 ശതമാനവും ഹോര്‍മുസ് വഴി കടന്നു പോകുന്നുണ്ട്.
2024 ല്‍ ഇതുവഴി കടന്നു പോയ 14 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലില്‍ 84 ശതമാനവും ഏഷ്യയിലേക്കായിരുന്നു. അതുപോലെ എല്‍എന്‍ജിയില്‍ 83 ശതമാനവും ഏഷ്യയിലേക്കായിരുന്നു. സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ഇത് വഴിയുള്ള കപ്പല്‍ ഗതാഗതം 97 ശതമാനം കുറഞ്ഞു. ലോകത്തെ മിക്ക രാജ്യങ്ങളും കടത്തില്‍ മുങ്ങി നില്‍ക്കുന്ന വേളയിലാണ് ഈ അധിക ബാധ്യത കൂടി വരുന്നതെന്നതിനാല്‍ പലരും പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുമെന്നും അണ്‍ക്‌ടാഡ് റിപ്പോര്‍ട്ട് പറയുന്നു.
എന്താണ് ഹോർമുസ് കടലിടുക്ക്?
ലോകഭൂപടത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഒരു സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഉൾക്കടലിനെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. ഇതിൻ്റെ ഒരു വശത്ത് ഇറാനും മറു വശത്ത് യുണൈ റ്റഡ് അറബ് എമിറേറ്റ്‌സും ഒമാൻ്റെ ഭാഗമായ മുസന്ദം ഉപദ്വീപുമാണ്. ലോകത്തിലെ ‘സാമ്പത്തിക ഞരമ്പ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിൻ്റെ ഏകദേശം 20% മുതൽ 30% വരെ ഈ പാതയിലൂടെയാണ് കപ്പലുകളിൽ കൊണ്ടുപോകുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് പുറംലോകത്തേക്ക് കടക്കാൻ ഈ ഒരൊറ്റ വഴിയേ ഉള്ളൂ. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരായ ഖത്തറിൽ നിന്നുള്ള കപ്പലുകളും ഈ പാതയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെയും പാചകവാതകത്തിൻ്റെയും വലിയൊരു ഭാഗം വരുന്നത് ഈ കടലിടുക്ക് വഴിയാണ്. ഇവിടെ എന്തെങ്കിലും തടസ്സമുണ്ടായാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ കൂടുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.





