ന്യൂഡൽഹി: ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടത്തോടെ മുന്നേറി റിലയൻസ്. അംബാനിയുടെ പിന്തുണയോടെ യുഎസിൽ പുതിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുമെന്ന ട്രംപിൻ്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്.
എൻഎസ്‌ഇ നിഫ്റ്റി 50 0.10% വരെ ഇടിഞ്ഞപ്പോഴും റിലയൻസിൻ്റെ ഓഹരി വില എൻഎസ്‌ഇയിൽ 1.78% ഉയർന്ന് 1,434.00 എന്ന നിലയിലെത്തി. ഓഹരി വിലയിലെ ഈ കുതിപ്പോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 19 ലക്ഷം കോടി രൂപ കടന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഓഹരികൾ ഒരു മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. റിലയൻസിൻ്റെ ഓഹരികള്‍ എടുത്തവര്‍ക്കെല്ലാം ഇന്ന് വലിയ നേട്ടമുണ്ടായി.
50 വർഷത്തിനിടെ അമേരിക്കയിൽ സ്ഥാപിക്കുന്ന ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണ ശാലയിൽ ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസ് നിക്ഷേപം നടത്തുമെന്ന് ട്രംപ് നടത്തിയ പ്രഖ്യാപനമാണ് ഈ കുതിപ്പിന് പ്രധാന കാരണം. 2026ൻ്റെ രണ്ടാം പാദത്തിലാണ് ശുദ്ധീകരണശാല പ്രവർത്തനം ആരംഭിക്കാൻ പദ്ധതിയിടുന്നത്.
യുഎസ്-മെക്സിക്കോ അതിർത്തിയിലെ ബ്രൗൺസ്‌വില്ലെ തുറമുഖത്ത് പ്രതിദിനം 168,000 ബാരൽ എണ്ണ ശുദ്ധീകരണ ശാലയാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. പ്രവർത്തനക്ഷമമാകുമ്പോൾ, ഇത് യുഎസ് വ്യാപാര കമ്മിയിൽ 300 ബില്യൺ ഡോളർ നികത്തുമെന്നാണ് കരുതുന്നത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി അമേരിക്കയുമായി “20 വർഷത്തെ ഒരു നിർബന്ധിത ഓഫ്‌ടേക്ക് ടേം ഷീറ്റിലും” ഒപ്പുവച്ചിട്ടുണ്ട്.
എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ റിലയൻസ് പോലുള്ള കമ്പനികളുടെ ‘ഗ്രോസ് റിഫൈനിംഗ് മാർജിൻ’ മെച്ചപ്പെടുമെന്ന പ്രതീക്ഷ നിക്ഷേപകർക്കുണ്ട്. ട്രംപ് ഭരണകൂടവുമായി റിലയൻസിനുള്ള അടുത്ത ബന്ധം അമേരിക്കൻ വിപണിയിൽ കമ്പനിക്ക് കൂടുതൽ വാതിലുകൾ തുറക്കുമെന്ന വിലയിരുത്തലും ഓഹരി വിപണിയിൽ പ്രതിഫലിച്ചു.






