ക്യൂവ ഡി ലാസ് മാനോസ്, (കേവ് ഓഫ് ഹാൻഡ്സ്) അർജന്റീനയിലെ സാന്ത ക്രൂസ് പ്രവിശ്യയിൽ പെരിറ്റോ മോറെനോയിൽ നിന്ന് 163 കിലോമീറ്റർ (101 മൈൽ) തെക്കായി സ്ഥിതിചെയ്യുന്ന ഒരു ഗുഹ, അല്ലെങ്കിൽ ഗുഹകളുടെ ഒരു പരമ്പരയാണ്. ഇവിടെ ആലേഖനം ചെയ്തിരിക്കുന്നത് നിരവധി കൈപ്പത്തികളുടെ ചിത്രങ്ങളാണ് (ഈ പേരു ലഭിച്ചിരിക്കുന്നതിൻറെ കാരണവും മറ്റൊന്നല്ല). ഗുഹയിലുള്ള ഈ ചിത്രങ്ങളുടെ പഴക്കം 13,000 മുതൽ 9,000 വർഷം മുമ്പാണെന്നു കണക്കാക്കിയിരിക്കുന്നു. നിരവധി ജനതതികൾ പല കാലങ്ങളിൽ ഈ ഗുഹകളിൽ അധിവസിച്ചിരുന്നതായി കരുതുന്നു.
ഇറ്റാലിയൻ മിഷനറിയും പര്യവേക്ഷകനുമായ ഫാദർ ആൽബെർട്ടോ മരിയ ഡി അഗോസ്റ്റിനി 1941-ൽ ഈ സ്ഥലത്തെക്കുറിച്ച് ആദ്യമായി എഴുതി. പിന്നീട് 1949-ൽ ലാ പ്ലാറ്റ മ്യൂസിയത്തിന്റെ ഒരു പര്യവേഷണം ഇത് അന്വേഷിച്ചുആദ്യകാല ചിത്രങ്ങൾളുടെ പഴക്കം കാർബൺ ഡേറ്റിംഗ് പ്രകാരം ca. 9300 ബിപി (ഏകദേശം 7300 ബി.സി)യിലുള്ളതാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഗുഹയുടെ ഭിത്തികളിൽ കൈകളുടെ ഛായാചിത്രങ്ങൾ പൂശുവാനുപയോഗിച്ച എല്ലുകൾ കൊണ്ടുള്ള കുഴലുകളുടെ അവശിഷ്ടങ്ങളിൽനിന്നാണ് ചിത്രങ്ങളുടെ കാലഗണന നടത്തിയത്.
ഈ ഗുഹകളിൽ അവസാനമായി അധിവസിച്ചിരുന്ന ജനവർഗ്ഗം ഏകദേശം 700 എ.ഡി.യിൽ ടെഹ്യൂൾച്ചെ വംശക്കാരുടെ പൂർവ്വികരായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. 500 നും 1200 നും ഇടയിൽ വർഷങ്ങൾക്ക് മുമ്പ് ആദിവാസികളും കുട്ടികളും ചുവപ്പ്, മഞ്ഞ, വെള്ള ഓച്ചർ നിറങ്ങൾ ഉപയോഗിച്ച് കൈ സ്റ്റെൻസിലുകൾ നിർമ്മിച്ചു . ഈ സ്ഥലം തദ്ദേശീയ ആദിവാസികൾക്ക് വളരെ പ്രത്യേകതയുള്ളതാണ് – യുവ യോദ്ധാക്കളുടെ ദീക്ഷ സ്വീകരിക്കുന്നതിനുള്ള ഒരു ആചാരപരമായ ഗുഹയായിരുന്നു ഇത്.
1999-ൽ ഇത് യൂനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടു. വേട്ടക്കാരുടെ പൂർവ്വികർ സംരക്ഷണത്തിനും ഉപജീവനത്തിനുമായി മലയിടുക്ക് ഉപയോഗിച്ചിരുന്നുവെന്നും, വേട്ടക്കാരുടെ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ചുള്ള യഥാർത്ഥ തെളിവുകളെയാണ് കലാസൃഷ്ടികൾ പ്രതിനിധീകരിക്കുന്നതെന്നും ഇത് സ്ഥിരീകരിച്ചു. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, യുനെസ്കോ ഗുഹകൾക്ക് ലോക പൈതൃക പദവി പ്രഖ്യാപിച്ചു.






