രഞ്ജി ട്രോഫി: കേരളം എട്ടു വിക്കറ്റിന് 357 റൺസെന്ന നിലയിൽ; പഞ്ചാബിനെതിരെ ലീഡിനായി പൊരുതുന്നു

0
30

രഞ്ജി ട്രോഫി ക്രിക്കറ്റിൽ പഞ്ചാബിനെതിരെ കേരളം പൊരുതുന്നു. മുള്ളൻപുർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ കേരളം നാലാം ദിനം എട്ടു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന നിലയിലാണ്. 1 റണ്‍സെടുത്ത അക്ഷയ്‌ ചന്ദ്രനും 85 റണ്‍സുമായി അഹ്മദ് ഇമ്രാനുമാണ് ക്രീസിലുള്ളത്. പഞ്ചാബ് 436 റൺസായിരുന്നു ആദ്യ ഇന്നിങ്സിൽ നേടിയത്. ആറുവിക്കറ്റിന് വിക്കറ്റിന് 247 റൺസെന്ന നിലയിൽ നാലാം ദിവസം കളി തുടങ്ങിയ കേരളത്തിന് ബാബ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 74 പന്തുകളിൽ നിന്ന് 51 റൺസുമായാണ് താരം മടങ്ങിയത്. പിന്നാലെ 27 റണ്‍സെടുത്ത് ഷോണ്‍ റോജറും പുറത്തായി.

ഇന്നലെ 18 റൺസെടുത്ത വത്സൽ ഗോവിന്ദാണ് ആദ്യം മടങ്ങിയത്. തുടർന്നെത്തിയ രോഹൻ കുന്നുമ്മലും അങ്കിത് ശർമ്മയും ചേർന്ന് നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. മത്സരത്തിൽ കേരളത്തിൻ്റെ ഇത് വരെയുള്ള ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു. അങ്കിതിനെ പുറത്താക്കി രമൺദീപ് സിങ്ങാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. വളരെ കരുതലോടെ ബാറ്റ് വീശിയ അങ്കിത് ശർമ്മ 152 പന്തുകൾ നേരിട്ട് 62 റൺസുമായാണ് മടങ്ങിയത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻപെ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റും നഷ്മമായി. 43 റൺസെടുത്ത രോഹൻ, മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ സലിൽ അറോറ ക്യാച്ചെടുത്താണ് പുറത്തായത്.

തുടർന്നെത്തിയ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും അധികം പിടിച്ചു നില്‍ക്കാനായില്ല. 13 റൺസെടുത്ത അസറുദ്ദീൻ ക്രിഷ് ഭഗതിൻ്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങിയാണ് പുറത്തായത്. 36 റൺസെടുത്ത സച്ചിൻ ബേബിയെ നമൻ ധീറും പുറത്താക്കി. പഞ്ചാബിന് വേണ്ടി കൃഷ് ഭഗത്, നമൻ ധീർ, ആയുഷ് ഗോയല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതവും മായങ്ക് മാര്‍ക്കണ്ഡേ, രമണ്‍ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ പഞ്ചാബിനായി ഹര്‍നൂര്‍ സിംഗ് (170), പ്രേരിത് ദത്ത (72), മായങ്ക് മര്‍കണ്ഡെ (48) എന്നിവരുടെ ഇന്നിങ്‌സുകളാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാല് വിക്കറ്റ് വീഴ്ത്തി. ബേസില്‍ എന്‍ പി, ബാബാ അപരാജിത് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

കേരളാ ടീം: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.

പഞ്ചാബ്: പ്രഭ്സിമ്രാന്‍ സിംഗ്, ഉദയ് സഹാറന്‍, അന്‍മോല്‍പ്രീത് സിംഗ്, നമന്‍ ധിര്‍(ക്യാപ്റ്റന്‍), ഹര്‍ണൂര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, സലില്‍ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയല്‍, മായങ്ക് മാര്‍ക്കണ്ഡെ.

LEAVE A REPLY

Please enter your comment!
Please enter your name here