ചരക്കു സേവന നികുതി (ജിഎസ്‌ടി) സ്ലാബുകൾ വെട്ടിക്കുറച്ചും നിരക്കുകൾ താഴ്ത്തിയും ജിഎസ്‌ടി കൗൺസിൽ. 56–ാമത് ജിഎസ്‌ടി കൗൺസിൽ യോഗത്തിലാണ് കാൻസർ, മറ്റു അപൂർവ രോഗങ്ങള്‍ എന്നിവയ്‌ക്കുള്ള 33 മരുന്നുകളുടെ ചരക്ക് സേവന നികുതി കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. പന്ത്രണ്ട് ശതമാനമായിരുന്ന നികുതിയാണ് പൂജ്യത്തിലേക്ക് വെട്ടിക്കുറച്ചത്.
ധനമന്ത്രി നിർമല സീതാരാമൻ്റെ അധ്യക്ഷതയിൽ ഇന്നലെയായിരുന്നു ജിഎസ്‌ടി കൗൺസിൽ യോഗം. നിലവിലുള്ള നാല് സ്ലാബുകൾ രണ്ടായി കുറയ്ക്കുകയും, 12 ശതമാനവും 28 ശതമാനവും നിരക്കുകൾ ഒഴിവാക്കുകയും ചെയ്‌തു. അതേസമയം 5 ശതമാനവും 18 ശതമാനവും സ്ലാബുകൾ നിലനിർത്തി. പുതുക്കിയ ജിഎസ്‌ടി നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീർഘകാല ആവശ്യം ഇതോടെ അംഗീകരിക്കപ്പെട്ടു.
ജിഎസ്‌ടി വെട്ടിക്കുറയ്‌ക്കലുകള്‍
ജീവൻ രക്ഷാ മരുന്നുകൾ, ചില മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിരക്ക് 12 ശതമാനത്തിൽ നിന്നോ 18 ശതമാനത്തിൽ നിന്നോ 5 ശതമാനമായി വെട്ടിക്കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. കാൻസർ, അപൂർവ രോഗങ്ങൾ, മറ്റ് കഠിനമായ വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മൂന്ന് ജീവൻ രക്ഷാ മരുന്നുകളുടെ 5 ശതമാനം നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
നിരവധി മരുന്നുകളുടെ വില പന്ത്രണ്ട് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. കണ്ണടകളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയും. ആരോഗ്യ ഇൻഷുറൻസ്, മെഡിക്കൽ ഓക്‌സിജൻ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയുടെ നിരക്കുകളും കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.
സാധാരണക്കാർക്ക് ഇൻഷുറൻസ് പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ഇതിൻ്റെ വ്യാപ്‌തി വിപുലീകരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മെഡിക്കൽ, സർജിക്കൽ, ഡെൻ്റല്‍ അല്ലെങ്കിൽ വെറ്ററിനറി ഉപയോഗത്തിനോ പരീക്ഷണങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന വിവിധ മെഡിക്കൽ ഉപകരണങ്ങള്‍ എന്നിവയുടെയും ജിഎസ്‌ടി നിരക്കുകൾ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. വാഡിംഗ് ഗോസ്, ബാൻഡേജുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, റിയാജനറുകൾ, രക്തത്തിലെ ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം (ഗ്ലൂക്കോമീറ്റർ) തുടങ്ങിയ മെഡിക്കല്‍ ഉപകണങ്ങളുടെയും ജിഎസ്‌ടി വെട്ടിക്കുറച്ചു.
ഹാനികരമായ ഉത്പന്നങ്ങളടെ നികുതി
അതേസമയം പാൻ മസാല, ഗുഡ്‌ക, സിഗരറ്റ്, ചവയ്ക്കുന്ന പുകയില, ബീഡി തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ഉത്‌പന്നങ്ങളുടെ നിലവിലുള്ള ഉയർന്ന ജിഎസ്‌ടി നിരക്കുകളില്‍ മാറ്റമില്ല. കുടിശ്ശികയുള്ള സെസ്-ലിങ്ക്ഡ് വായ്‌പകൾ തീർക്കുന്നത് വരെ ഇതു തടരുമെന്ന് ജിഎസ്‌ടി കൗണ്‍സില്‍ വ്യക്തമാക്കി. പഞ്ചസാര, മറ്റ് മധുരപലഹാരങ്ങള്‍, സുഗന്ധദ്രവ്യങ്ങളോ അടങ്ങിയ എല്ലാ സാധനങ്ങൾക്കുമുള്ള ജിഎസ്‌ടി നിരക്ക് കുറയുന്നുണ്ട്.








