വളര്‍ത്തു നായകളായാലും അധികം സ്നേഹ പ്രകടനം വേണ്ട; ഒളിഞ്ഞിരിപ്പുണ്ട് ഈ അപകടങ്ങള്‍

0
41

ആരോഗ്യമുള്ള നായകളുടെ ഉമിനീരിൽ പോലും ആന്‍റി ബയോട്ടിക് പ്രതിരോധശേഷിയുള്ള സാൽമൊണെല്ല എന്ന ബാക്‌ടീരിയ ഉണ്ടാകാമെന്ന് പഠനം

നുഷ്യരോട് ഏറ്റവും നന്നായി ഇണങ്ങുന്നതും നന്ദിയുള്ളതുമായ ഒരു ജീവിയാണ് നായ. വീടിനു കാവലിനായും ഒപ്പം കളിക്കാനും ഒരു കൂട്ടിനായുമൊക്കെ നായകളെ വളർത്തുന്നവരാണ് പലരും. സ്വന്തം കുഞ്ഞുങ്ങളെ പോലെ നായകളെ സ്നേഹിക്കുന്നവരുമുണ്ട് നമുക്കിടയിൽ. ഉടമയോട് നായകൾ പ്രകടിപ്പിക്കുന്ന സ്നേഹപ്രകടനങ്ങൾ പലപ്പോഴും കണ്ടു നിൽക്കുന്നവരുടെ വരെ ഹൃദയം കവരുന്ന കാഴ്‌ചകളാണ്. മറ്റ് വളർത്തു മൃഗങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശത്രുക്കളിൽ നിന്ന് മനുഷ്യന് സംരക്ഷണം നൽകുന്നവർ കൂടിയാണ് നായകൾ. പലപ്പോഴും മനുഷ്യരെപ്പോലെ വികാരങ്ങൾ പങ്ക് വയ്ക്കുന്ന ജീവികൂടിയാണിവർ. വാലാട്ടിയും ദേഹത്ത് ചാടിയും മണം പിടിച്ചും നാക്കിയുമൊക്കെയാണ് അവർ സ്നേഹവും നന്ദിയുമൊക്കെ പ്രകടിപ്പിക്കാറുള്ളത്. എന്നാൽ ഇതിൽ ചിലത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

ഈ അടുത്തിടെ സൂനോസസ് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ആരോഗ്യമുള്ള നായകളുടെ ഉമിനീരിൽ പോലും ആന്‍റി ബയോട്ടിക് പ്രതിരോധശേഷിയുള്ള സാൽമൊണെല്ല എന്ന ബാക്‌ടീരിയ ഉണ്ടാകാമെന്നാണ്. നായകൾ മനുഷ്യരുടെ ദേഹത്ത് നക്കുമ്പോൾ ഈ ബാക്‌ടീരിയ ശരീരത്തിലെത്തുകയും ദഹനനാളത്തെ ബാധിക്കുകയും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. അതിനാൽ സങ്കീർണതകൾ ഒഴിവാക്കുന്നതിനായി നായകളെ മുഖത്ത് നക്കാൻ അനുവദിക്കാതിരിക്കുക. ഇനി വളർത്തുമൃഗങ്ങളുമായി സമ്പർക്കം പുലർത്തിയാൽ കൈയും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ്.

നായകളുടെ ഉമിനീരിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

നായകളുടെ ഉമിനീരിൽ ദോഷകരമായ സൂക്ഷമാണുക്കൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്‌ടീരിയകൾ മനുഷ്യരിൽ വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ദഹനനാള പ്രശ്‌നങ്ങൾക്ക് കാരണമാകും. 2017 മുതൽ 2023 വരെ 87 നായ്ക്കളിലാണ് പഠനം നടത്തിയത്. ഇതിൽ മനുഷ്യന് ഭീഷണിയാകുന്ന 82 തരം സാൽമൊണെല്ലയെ കണ്ടെത്തി. 39 % നായ്ക്കളിലും shdA ജീനും കണ്ടെത്തിയിട്ടുണ്ട്. ഇത് നായകളിൽ അസുഖം വരാതെ തന്നെ കുടലിൽ ബാക്‌ടീരിയകളെ നിലനിർത്താൻ സഹായിക്കും.

മനുഷ്യരിലേക്ക് എങ്ങനെയൊക്കെ ബാക്‌ടീരിയ പകരാം

നായകളുടെ ഉമിനീർ വഴിയാണ് പ്രധാനമായും മനുഷ്യരിൽ സാൽമൊണെല്ല അണുബാധയുണ്ടാകുന്നത്. മലം, രോമം എന്നിവ വഴി ബാക്‌ടീരിയ നായകളുടെ വായയിലേക്കെത്തും. ഇവ മനുഷ്യരുടെ മുഖത്ത് നക്കുന്നത് വഴി വായ, കണ്ണ്, മുറിവ് എന്നിവയിലൂടെ ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിക്കും. അതിനാൽ നായകളെ മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നക്കാൻ അനുവദിക്കരുത്.

സാൽമൊണെല്ലയുടെ അപകട സാധ്യതകൾ

സാൽമൊണെല്ല സ്ട്രെയിനുകൾ ആന്‍റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയാണ്. ഇത് അണുബാധകൾ ചികിത്സിക്കാൻ വെല്ലുവിളി സൃഷ്‌ടിക്കുകയും ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ ശേഷിയുള്ള ബാക്‌ടീരിയകൾ വ്യാപിപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ വളർത്തു മൃഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ കൈകൾ കഴുകി വൃത്തിക്കുക. ബാക്‌ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ ഇത് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

നായകളെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വളർത്തുമൃഗങ്ങളെ തൊടുകയോ അവയെ വൃത്തിയാക്കുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്‌തതിന് ശേഷം കൈകകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
  • മുഖത്ത് നക്കാൻ അനുവദിക്കരുത്. പ്രത്യേകിച്ച് വായ, മൂക്ക്, മുറിവുകൾ എന്നിവയ്ക്ക് ചുറ്റും.
  • അണുബാധകൾ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പതിവായി വെറ്റ് പരിശോധനകൾ നടത്തുക.
  • വളർത്തുമൃഗങ്ങൾ ഇരിക്കുന്ന സ്ഥലങ്ങൾ, ഉപയോഗിക്കുന്ന പാത്രങ്ങൾ, പതിവായി സ്‌പർശിക്കുന്ന പ്രതലങ്ങൾ എന്നിവ പതിവായി വൃത്തിയായി സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here