കശ്‌മീർ താഴ്‌വരയിലെ ഒറ്റപ്പെട്ട ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ശ്രീനഗറില്‍ അടക്കം മൂടല്‍മഞ്ഞ്. വിനോദസഞ്ചാരികള്‍ ജാഗ്രതാ നിർദേശം.
ശ്രീനഗർ: കേരളത്തില്‍ മഴ തകര്‍ത്ത് പെയ്യുമ്പോള്‍, കശ്‌മീര്‍ തണുത്ത് ഉറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ നിന്ന് നിരവധി സഞ്ചാരികള്‍ പോകുന്നിടമാണ് കശ്‌മീര്‍. അതിമനോഹര താഴ്വരകളും കുന്നില്‍ പ്രദേശങ്ങളും കാണാനായി ശൈത്യ കാലത്താണ് ആളുകള്‍ കൂടുതലായി കശ്‌മീരിലേക്ക് എത്തുന്നത്. ഓരോ ദിവസം കഴിയുന്തോറും കശ്‌മീരിലെ തണുപ്പ് കഠിനമായി കൊണ്ടിരിക്കുകയാണ്.
കശ്‌മീര്‍ താഴ്‌വരയിലുടനീളം ഇന്ന് താപനില വീണ്ടും കുറഞ്ഞു. ഇതോടെ ഇന്ന് ശ്രീനഗറില്‍ തീവ്രമായ തണുപ്പ് രേഖപ്പെടുത്തി. മൈനസ് 4.0 ഡിഗ്രി സെൽഷ്യസായി കുറഞ്ഞുവെന്ന് ശ്രീനഗർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം കശ്‌മീരില്‍ ഇന്ന് ഏറ്റവും തണുപ്പുള്ള സ്ഥലം സോജില പാസായിരുന്നു, താപനില മൈനസ് 17.0°C ആയി കുറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വച്ച് ഏറ്റവും കഠിനമായ അവസ്ഥയാണിത്. ഉയര്‍ന്ന പ്രദേശമായ സോജിലയും തണുത്തുറഞ്ഞതോടെ കശ്‌മീരില്‍ തണുപ്പിൻ്റെ കാഠിന്യം സാധാരണ നിലയേക്കാള്‍ കൂടിയതായി ശ്രീനഗർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജമ്മു മേഖലയിൽ താരതമ്യേന നേരിയ താപനിലയുണ്ടെങ്കിലും സീസണിൽ സാധാരണയേക്കാൾ തണുപ്പ് ഡിസംബര്‍ ആദ്യവാരത്തോടെ കൂടുതലായി. ജമ്മു നഗരത്തിൽ 8.0 ഡിഗ്രിയും കത്രയിൽ 8.4 ഡിഗ്രിയും രേഖപ്പെടുത്തി. അതേസമയം ഉയർന്ന പ്രദേശങ്ങളിൽ കുത്തനെയുള്ള കുറവ് രേഖപ്പെടുത്തി. ബനിഹാലിൽ 2.1 ഡിഗ്രിയും ഭാദേർവയിൽ 0.4 ഡിഗ്രിയുമാണ് മേഖലയിലെ ഏറ്റവും താഴ്ന്ന താപനിലയായി രേഖപ്പെടുത്തിയത്. രജൗരിയിൽ 1.7 ഡിഗ്രിയും ഉദംപൂരിൽ 3.0 ഡിഗ്രിയും രേഖപ്പെടുത്തി.
താപനില പൂജ്യത്തിന് വളരെ താഴെയായി തുടരുന്നതിനാൽ ലഡാക്കിലും കഠിനമായ തണുപ്പാണ്. ലേയിൽ മൈനസ് 9.0 ഡിഗ്രിയും കാർഗിൽ മൈനസ് 7.8 ഡിഗ്രിയും നുബ്ര വാലിയിൽ മൈനസ് 7.6 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ താഴ്‌വരയുടെ മിക്ക ഭാഗങ്ങളിലും മഞ്ഞ് മൂടിയതായി അധികൃതർ ബുധനാഴ്‌ച പറഞ്ഞു.
കശ്‌മീരിലെ ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഡിസംബർ 7 വരെ കാലാവസ്ഥ പൊതുവെ വരണ്ടതായിരിക്കുമെന്നും ഡിസംബർ 8 ന് ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ശ്രീനഗറിനെയും താഴ്‌വരയിലെ മറ്റ് സ്ഥലങ്ങളെയും, പ്രത്യേകിച്ച് ജലാശയങ്ങളെ ചുറ്റിപ്പറ്റിയും കനത്ത മഞ്ഞ് മൂടി. വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്ര പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചു.








